അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയായി കേരള നോളജ് ഇക്കോണമി മിഷന്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടല്‍ തൊഴിലന്വേഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുമായി സ്റ്റെപ് അപ് ക്യാമ്പയിന്‍ ആരംഭിച്ചു. കേരള നോളെജ് ഇക്കോണമി മിഷന്റെ മുഴുവന്‍ സേവനങ്ങളും തൊഴിലന്വേഷകരിലേക്ക് എത്തിക്കുന്നത് ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എംഎസ്.) എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ്.
തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം എന്നതിലുപരി ഉദ്യോഗാര്‍ത്ഥികളുടെ അഭിരുചികള്‍ തിരിച്ചറിയുന്നതിനുള്ള കരിയര്‍ സൈക്കോമെട്രിക് ടെസ്റ്റ്, കരിയര്‍ കൗണ്‍സിലിങ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനിങ്, ഇംഗ്ലീഷ് ആശയ വിനിമയ ശേഷി മനസിലാക്കുന്നതിനുള്ള ഇംഗ്ലിഷ് സ്‌കോര്‍ടെസ്റ്റ്, റോബോട്ടിക് ഇന്റര്‍വ്യൂ, വര്‍ക്ക് റെഡിനസ് ട്രെയിനിങ് പ്രോഗ്രാം, വിവിധ നൈപുണി പരിശീലന കോഴ്സുകള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് ഡി.ഡബ്ല്യു.എം.എസ്. പ്ലാറ്റ്‌ഫോമില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. തൊഴിലന്വേഷകര്‍ക്ക് DWMS Connect App ഡൗണ്‍ലോഡ് ചെയ്തും www.knowledgemission.kerala.gov.in വഴിയും ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്യാം.
സ്റ്റെപ് അപ് ക്യാമ്പയിനിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം അഗളി പഞ്ചായത്തിലെ പരപ്പന്തറ വാര്‍ഡിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ദീപ്തി എന്ന ഉദ്യോഗാര്‍ത്ഥിയെ ഡി.ഡബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ബി.എസ് മനോജ് നിര്‍വഹിച്ചു. നോളജ് മിഷന്‍ ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ മാനേജര്‍ പി.കെ പ്രിജിത്, റീജിയണല്‍ പ്രോഗ്രാം മാനേജര്‍ എം.എ സുമി, ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ജി ഫൈസല്‍, അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍, കമ്മ്യൂണിറ്റി അംബാസിഡര്‍ എസ്. അശ്വതി, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.