ചാവക്കാട് താലൂക്കിലെ പുന്നയൂർ വില്ലേജ് സർവ്വേ നമ്പർ 35/1, 47/1എന്നീ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന്, അപേക്ഷകരുടെ ഭൂമി സർവ്വേ ചെയ്യുന്ന ടീമിനെ അടിയന്തിരമായി നിയമിക്കുമെന്നും ജനുവരിയോടെ പട്ടയം വിതരണം ചെയ്യാനാകുമെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.
പട്ടയ മിഷനുമായി ബന്ധപ്പെട്ട ഡാഷ്ബോർഡിൽ ഉൾപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച ഉദ്യോഗസ്ഥ തല ഓൺലൈൻ അദാലത്തിലെ തീരുമാനം അറിയിക്കുകയായിരുന്നു അദ്ദേഹം. സർക്കാർതലത്തിൽ തീരുമാനം ആവശ്യമുള്ള കേസുകളാണ് പരിഗണിച്ചത്. പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടാത്ത കേസുകൾ ഇനിയും ഡാഷ്ബോർഡിൽ ഉൾപ്പെടുത്താൻ അവസരം ഉണ്ടെന്നും ജനപ്രതിനിധികൾ നോഡൽ ഓഫീസറുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രദേശത്തെ പട്ടയ വിഷയങ്ങൾ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പാക്കണം എന്നും മന്ത്രി അറിയിച്ചു.
ഈ സർക്കാരിൻറെ കാലത്ത് തന്നെ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എന്ന പ്രഖ്യാപിത നയം ലക്ഷ്യത്തിലെത്തിക്കാൻ ആവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അദാലത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, അഡീഷണൽ സെക്രട്ടറി അബ്ദുൾ നാസർ, ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ.കൌശികൻ, സർവ്വേ ഡയറക്ടർ സീറാം സാംബശിവ റാവു, ലാൻഡ് ബോർഡ് സെക്രട്ടറി എ ഗീത , ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, അസിസ്റ്റൻറ് കമ്മീഷണർ, ലാൻഡ് ബോർഡ് അസിസ്റ്റൻറ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.