പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേള ശ്രദ്ധേയമായി. പനമരം ജി .എച്ച് . എസ് സ്‌കൂളില്‍ നടന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയാണ് പൂര്‍ണ്ണമായും പെരുമാറ്റ ചട്ടം പാലിച്ച് നടന്നത്. ശാസ്ത്ര മേളയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയിരുന്നു. പനമരം ഗ്രാമ പഞ്ചായത്തും പനമരം ജി .എച്ച് . എസ് സ്‌കൂളുമാണ് ശാസ്ത്രാത്സവവേദി ഹരിതമാക്കുന്നതിന് നേതൃത്വം നല്‍കിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഹരിത ഉദ്യമത്തിന് പങ്ക് ചേര്‍ന്നതോടെ ദൗത്യം വിജയിച്ചു. ശാസ്ത്ര മേള നടക്കുന്ന എല്ലാം വേദികള്‍ക്ക് സമീപവും ജൈവ- അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേകത ബിന്നുകള്‍ സ്ഥാപിച്ചിരുന്നു. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വേദികള്‍ അലങ്കരിച്ചിരിക്കുന്നത്. ശാസ്ത്ര മേളയിലെ വിജയികള്‍ക്കായി ഒരുക്കിയ ട്രോഫികളിലും പ്ലാസ്റ്റിറ്റിക്കിനെ ഒഴിവാക്കി. ഭക്ഷണശാലയില്‍ ഡിസ്പോസിബിള്‍ പാത്രങ്ങളും കപ്പും പൂര്‍ണ്ണമായി ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസ്സുകളാണ് ഉപയോഗിച്ചത്.
മേളയുടെ ഭാഗമായി ഉണ്ടായ ജൈവ മാലിന്യങ്ങള്‍ പന്നി ഫാമിന് നല്‍കും. ജില്ലാ ശുചിത്വ മിഷന്റെ നിര്‍ദ്ദേശാനുസരണം പഞ്ചായത്തിന്റെ നേത്യത്വത്തില്‍ ശാസ്ത്രാത്സവ വേദി നിരീക്ഷിച്ച് ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. മത്സരങ്ങള്‍ക്ക് ശേഷം വേദികളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ച് നടന്ന ശാസ്ത്രാത്സവത്തെ ജില്ലാ ശുചിത്വ മിഷന്‍ അഭിനന്ദിച്ചു.