*വെള്ളക്കാരിത്തടം വായനശാല കെട്ടിട നിർമ്മാണത്തിന് 30 ലക്ഷം അനുവദിച്ചു
ചെറിയ കാലയളവിനുള്ളിൽ പീച്ചി ഡാമിൽ നിന്ന് എല്ലാ കുടുംബങ്ങൾക്കും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ജൽ ജീവൻ മിഷൻ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന – കേന്ദ്ര സഹായത്തോടെ കേരളത്തിൽ 2024 ഓടെ സമ്പൂർണമായ ജല വിതരണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൽ ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. ജല ജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള ടാങ്ക് വരുന്ന പഞ്ചായത്തുകളിലൊന്നായും പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയ പഞ്ചായത്തുകളിലൊന്നായും പുത്തൂർ ഗ്രാമ പഞ്ചായത്ത് മാറിയെന്നും മന്ത്രി പറഞ്ഞു.
വെള്ളക്കാരിത്തടം വായനശാലയ്ക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ 30 ലക്ഷം അനുവദിച്ചുവെന്നും പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഡിസംബർ അഞ്ചിന് മൂന്ന് മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലെത്തുന്ന നവകേരള സദസ് നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര- സംസ്ഥാന സർക്കാർ സംയുക്തമായി നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം പുത്തൂർ പഞ്ചായത്തിലെ നിലവിലുള്ള മുഴുവൻ പൈപ്പുകളുടെ പുനരുദ്ധാരണവും നവീകരണവും ദീർഘിപ്പിക്കലുമാണ് നടപ്പാക്കുന്നത്. പീച്ചി ഡാമിൽ ജലശുദ്ധീകരണ ശാലയിൽ നിന്നും പമ്പ്ചെയ്തു വരുന്ന ശുദ്ധജലം ചോച്ചേരിക്കുന്ന് – കൈനിക്കുന്ന് ടാങ്കുകൾ മുഖേന ഗാർഹിക കണക്ഷനുകളിലൂടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പദ്ധതി വഴി എത്തിക്കും. 266 കി.മീ ദൂരത്തിൽ വിവിധ വ്യാസത്തിലുള്ള പൈപ്പുകൾ വഴി ജലം വിതരണം ചെയ്യുന്ന വിതരണ ശ്യംഖല കൂടാതെ പുതിയ 11,233 കണക്ഷനുകളും പദ്ധതി വഴി നൽകുന്നുണ്ട്.
വെള്ളക്കാരിത്തടം വായനശാല പരിസരത്ത് നടന്ന ചടങ്ങിൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി മുഖ്യാതിഥിയായി. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസഫ് ടാജറ്റ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്. ബാബു, സിനി പ്രദീപ്, പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വനി സുനീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. സജിത്ത്, ബ്ലോക്ക് മെമ്പർ മിനി സാബു, മെമ്പർമാരായ ടി.കെ. ശ്രീനിവാസൻ, ഷാജി വാരപ്പെട്ടി, ടി.സി ജിനോ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.