കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ പേരായി കുടുംബശ്രീ മാറിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ഒല്ലൂർ വൈലോപ്പിള്ളി ശ്രീധര മേനോൻ ഹയർസെക്കൻഡറി സ്‌കൂളിൽ കുടുംബശ്രീയുടെ കോർപ്പറേഷൻതല തിരികെ സ്കൂളിലേക്ക് പരിപാടിയുടെ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമൂഹിക മുന്നേറ്റത്തിനെ സജീവമാക്കാനുള്ള പ്രവർത്തനത്തിന്റെ പേരാണ് കുടുംബശ്രീയെന്നും ഡിജിറ്റൽ വിദ്യാഭ്യാസംനൽകുന്നതിന്റെ ഭാഗമായിനൈപുണ്യ വികസനത്തെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും പഠിക്കാൻ പ്രായപരിധിയില്ല എന്നറിയാനുമാണ് തിരികെ സ്കൂളിലേക്ക് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കാളികളായിട്ടുള്ള വനിതകളുടെ പ്രസ്ഥാനമാണ് കുടുംബശ്രീ.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 47 ലക്ഷം വരുന്ന കേരളത്തിലെ ജാതി – മത – രാഷ്ട്രീയ വ്യത്യാസമില്ലാതെ വനിതകൾ ഒത്തു ചേരുന്ന കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയുടെ പേരാണ് കുടുംബശ്രീയെന്നും മന്ത്രി പറഞ്ഞു.
2025 നവംബർ ഒന്നോടെ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്നും ജനങ്ങളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ് ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഡിസംബർ അഞ്ചിന് മൂന്ന് മണിക്ക് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കരോലീൻ, കുടുംബശ്രീ സിഡിഎസ്, എഡിഎസ് ചെയർ പേഴ്സൺമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.