എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ജന സമൂഹമാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ഫിഷറീസ്,സാംസ്‌കാരിക, യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.ഉയര്‍ന്ന ജീവിത നിലവാര സൂചികകളിലും സാമൂഹിക സുരക്ഷിതത്വത്തിലും കേരളം വളരെ മുന്നിലാണ്. രാജ്യത്തെ ബഹുസ്വരതയും സാംസ്‌കാരിക ഇടപെടലുകളും സെമിനാര്‍ സൂക്ഷ്മമായി വിലയിരുത്തും.

ജന്മിത്വത്തിനെതിരായ ഇടപെടലാണ് കേരളത്തിന്റെ സാമൂഹിക ഘടനയെ നവീകരിച്ചത്. ഒരു ജനതയെ ആകെ മാറ്റിമറിച്ച ഇതിഹാസ തുല്യമായ മുന്നേറ്റമായിരുന്നു കേരളത്തിന്റെ നവോത്ഥാനം. ഇതിന്റെ തുടര്‍ച്ചയാണ് ഭൂപരിഷ്‌ക്കരണമടക്കമുള്ള തീരുമാനങ്ങളിലൂടെ ആദ്യ മന്ത്രിസഭ  നടപ്പിലാക്കിയത്. വൈവിധ്യങ്ങളും ഏകതയും ഇല്ലാതാക്കുന്ന സാഹചര്യം നിലവിലുണ്ട്. ഐക്യവും അഖണ്ഡതയും ഇല്ലാതാക്കുന്ന ചരിത്രം തന്നെ തിരുത്തപ്പെടുന്ന സാഹചര്യവും ഗൗരവമായി കാണണമെന്ന് മന്ത്രി പറഞ്ഞു

ഒരു നാടിന്റെ ഭൂമിശാസ്ത്രം അതിന്റെ സംസ്‌കാരത്തെ സ്വാധീനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞു. സംഘടന എന്ന രാഷ്ട്രീയ രൂപീകരണ പ്രസ്ഥാനം നവോത്ഥാന കാലത്തിന്റെ പ്രത്യേകതയാണ്. ഗ്രന്ഥശാല, തൊഴിലാളി യൂണിയനുകള്‍ , സഹകരണസംഘടനകള്‍ എന്നിവയെല്ലാം കേരളത്തിന്റെ സാമൂഹിക  ജീവിതത്തെ മാറ്റിമറിച്ചു. യാഥാസ്ഥിതികതയുടെയും വര്‍ഗീയതയുടെയും ലോകമില്ലാതാക്കി മാനവികതയുടെ പ്രക്ഷേപണ കേന്ദ്രങ്ങളായി മാറാനാണ് സാംസ്‌കാരിക വകുപ്പ് ശ്രമിക്കുന്നതെന്നും മിനി ആന്റണി പറഞ്ഞു.
എല്ലാമുള്‍ക്കൊള്ളുന്ന പദമെന്ന നിലയില്‍ സംസ്‌കാരമെന്നത് നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ്  മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു. മാനവികമായ പൊതു ലക്ഷ്യത്തിന് വേണ്ടി ഒന്നാകുമ്പോള്‍ പോലും ബഹുസ്വരതകളുണ്ടാകണം. ലോകത്തെമ്പാടും എല്ലാം ഒന്നായി തീരണമെന്ന ചിന്ത സാമൂഹത്തില്‍ വ്യാപകമാകുന്നുണ്ട്. ഇതിനെതിരായി എന്തു നിലപാട് സ്വീകരിക്കണമെന്നതാണ് സെമിനാര്‍ ചര്‍ച്ച ചെയ്യുന്നതെന്നും എം എ ബേബി പറഞ്ഞു

വെറുപ്പിന്റെയും വംശീയതയക്കുമെതിരായി നിലപാടെടുക്കുന്ന കേരളീയത്തിന്റെ വേദിയിലെത്തിയതില്‍ അഭിമാനിക്കുന്നതായി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ സയീദ് അക്തര്‍ മിര്‍സ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യങ്ങളെയും  ചരിത്ര വസ്തുതകളെയും ഫാസിസ്റ്റുകള്‍ എല്ലാ കാലത്തും ഭയപ്പെടുന്നു. ചരിത്ര രേഖകളെ തിരുത്തിയും ഇല്ലാതാക്കുന്നതിനെയും ഗൗരവമായി കാണണം.എഴുത്തിനെയും സര്‍ഗാത്മകതയെയും സംഗീതത്തെയും ഉള്‍ക്കൊള്ളുന്ന മഹത്തായ സംസ്‌ക്കാരം നമ്മുടെ രാജ്യത്തിനുണ്ടെന്നും അതാണ് തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ നൂറു കിലോമീറ്റര്‍ യാത്രയിലും വ്യത്യസ്ഥത അനുഭവിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ ശ്രീനിവാസറാവു പറഞ്ഞു. സാമൂഹിക, മാനസിക യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌ക്കരിക്കുന്നതാണ് നമ്മുടെ സാഹിത്യം. വിഭിന്ന ങ്ങളായ ജൈവ വൈവിധ്യം സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമാണ്. സംവാദങ്ങളും യോജിപ്പും വിയോജിപ്പും സമൂഹത്തിന്റെ വളര്‍ച്ചയെയും ജനാധിപത്യ ക്രമത്തെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത അടരുകളിലൂടെ നിലനില്‍ക്കുന്നതാണ് ബഹുസ്വരതയെന്ന് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ കെ എ ബീന പറഞ്ഞു. വ്യത്യസ്തകളെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിന്റെ പ്രത്യേകതയാണ്. ബഹുസ്വരതകളെ തമസ്‌ക്കരിക്കുന്ന വിവേചനവും അയിത്തവും ഇന്നും പലസംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നതായും കെ എ ബീന പറഞ്ഞു.

കേരളമെന്ന മതേതര സംസ്ഥാനത്തെ സൃഷ്ടിക്കുന്നതില്‍ സിനിമക്ക് വലിയ പങ്കാണുള്ളതെന്ന് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍  പറഞ്ഞു. എല്ലാ കലകളെയും ഒരുമിപ്പിക്കുന്ന കലാരൂപമെന്ന നിലയില്‍ സിനിമ ഇന്ത്യയെ ഒരുമിപ്പിക്കുന്നു. സംസ്‌ക്കാരത്തെ ഒരു അടിസ്ഥാന സൗകര്യമെന്ന നിലയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരിഗണിക്കണം. മനുഷ്യരെ പരസ്പ്പരം കോര്‍ത്തിണക്കാന്‍ കലയെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സാഹിത്യം മുന്‍പെങ്ങുമില്ലാത്ത വിധം ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയാണ് ഡി സി ബുക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, രവി ഡി സി  പറഞ്ഞു. ഗോത്ര , ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളെയടക്കം ഉള്‍ക്കൊണ്ട് ആഖ്യാന രീതിയില്‍ പുതു പരീക്ഷണങ്ങള്‍ മലയാള സാഹിത്യത്തില്‍ നടക്കുന്നു. സംസ്ഥാനത്ത് കൃത്യമായ പുസ്തക നയം രൂപീകരിക്കുന്നതിലൂടെ സര്‍ഗാത്മക ലോകത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ കഴിയും. മതരാഷ്ട്ര ബോധത്തിനെതിരായും ഏകതാബോധത്തിനെതിരായും നിലപാട് സ്വീകരിച്ചു കൊണ്ടാണ് സാംസ്‌കാരിക ലോകം മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു

സാംസ്‌കാരിക സമന്വയത്തിനും കൂട്ടായ്മകള്‍ക്കും ഭാഷ  അതിരുകള്‍ സൃഷ്ടിക്കുന്നില്ലെന്ന് കവിയും ഡല്‍ഹി കെ കെ ബിര്‍ള ഫൗണ്ടേഷന്‍, ഡയറക്ടറുമായ ഡോ.സുരേഷ് ഋതുപര്‍ണ പറഞ്ഞു. വിദേശ സ്വാധീനത്തെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ സമൂഹമാണ് കേരളമെന്ന് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ആര്‍. പാര്‍വതി ദേവി അഭിപ്രായപ്പെട്ടു.ഭാഷയിലും ഭക്ഷണത്തിലുമടക്കം എല്ലാ വൈവിധ്യങ്ങളെയും ചരിത്രാതീത കാലം മുതല്‍ കേരളം അംഗീകരിച്ചു വരുന്നു.

ജാതിയെയും മതത്തെയും നിരാകരിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കേരളത്തിന്റെ ബഹുസ്വരതയുടെ പ്രതീകങ്ങളാണെന്ന് എഴുത്തുകാരി
അനിതാ നായര്‍ പറഞ്ഞു. കേരളത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള മനസ് കാരണമാണ് ജാതിമത ബോധമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തൃശൂര്‍ പൂരം ആഘോഷിക്കാന്‍ കഴിയുന്നത്. സങ്കുചിതത്വങ്ങളില്ലാതെ വിശാല കാഴ്ചപ്പാടോടെ സമൂഹത്തെ സമീപിക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ വൈസ് ചെയര്‍മാന്‍ ജി എസ് പ്രദീപ് ആമുഖ പ്രഭാഷണം നടത്തി. പ്രതിനിധികള്‍ക്കുള്ള സ്‌നേഹോപഹാരം മന്ത്രി സജി ചെറിയാന്‍സമ്മാനിച്ചു.