മാതൃഭാഷ ജീവശ്വാസത്തേക്കാള്‍ പ്രധാനമാണെന്ന് കവി വീരാന്‍കുട്ടി പറഞ്ഞു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേത്വത്തില്‍ കളക്ട്രേറ്റില്‍ നടന്ന മലയാള ഭാഷ ഭരണഭാഷ വാരം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷ മരിക്കുമ്പോള്‍ മരിച്ചവര്‍ ഒന്നൂകൂടി മരിക്കുന്നു. സംസ്‌കാരത്തിന്റെയും സ്മൃതികളുടെയും നാശമാണ് മാതൃഭാഷയുടെ പതനത്തോടെ സംഭവിക്കുന്നത്. കരച്ചിലിനും വിശപ്പിനും നൊമ്പരങ്ങള്‍ക്കും മാതൃഭാഷയുടെ തുടിപ്പുകളുണ്ട്.

മറുനാട്ടിലേക്ക് കുടിയേറുമ്പോഴും വീട്ടിലുളള അമ്മയോളം സ്നേഹം മാതൃഭാഷയോടുമുണ്ട്. അങ്ങിനെയുള്ള മാതൃഭാഷയില്‍ നിന്നുള്ള നാടുകടത്തലുകളാണ് ഈ കാലഘട്ടത്തിന്റെയും നൊമ്പരം. വൈകാരികതയുടെ അഭാവത്തിലാണ് ഇന്ന് മലയാളികളുടെയും ജീവിതം. മാതൃഭാഷയുടെ ക്ഷമത കുറയുന്നതിനും കാരണമിതാണ്. കാലുഷ്യവും ഹിംസയും സ്പര്‍ധയുമെല്ലാം അരക്ഷിതകാലത്തിന്റെ സൂചനകളാകുമ്പോള്‍ മാതൃഭാഷ കാലത്തിന്റെ കാവലാകണമെന്നും പുതിയ മാതൃഭാഷാ പദങ്ങളും ഭാഷയുടെ സംവേദനത്തിനായി സൃഷ്ടിക്കപ്പെടണമെന്നും കവി വീരാന്‍കുട്ടി പറഞ്ഞു.

ചെറുകവിതകളില്‍ നിറഞ്ഞ് മലയാളം

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ടമരങ്ങള്‍.. വീരാന്‍കുട്ടിയുടെ പ്രശസ്തമായ കുഞ്ഞുകുഞ്ഞുവരികളില്‍ നിറഞ്ഞതായിരുന്നു മലയാളഭാഷാവാരം സമാപനം. മാറുന്ന കാലഘട്ടത്തിന്റെ ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക് അടര്‍ന്ന് വീഴുന്ന മഴത്തുള്ളികള്‍ പോലെ ഹൃദ്യമായിരുന്നു ആ വരികളെല്ലാം. നാലുവരികളില്‍ ഒരു ലോകത്തെയും നൈര്‍മല്യങ്ങളെയും വരച്ചിടുന്ന കുഞ്ഞുകവിതകള്‍ കൊണ്ട് ശ്രദ്ധേയമായ തന്റെ കവിതകള്‍ ഓരോന്നായി ചൊല്ലിയപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സും ഏറ്റുവാങ്ങിയത്. ആക്രിക്കടയില്‍ ഉപേക്ഷിക്കപ്പെട്ട അക്ഷരങ്ങള്‍ എന്ന കവിത അനുദിനം ആകാരവും ആശയുമുടയുന്ന മാതൃഭാഷയോടുള്ള അനുകമ്പയായി മാറി. എന്നിട്ടും ദൈവം ലോകത്തെ അവസാനിപ്പിക്കാത്തതെന്ത് എന്ന ചോദ്യവുമായുള്ള കവിതയില്‍ തീരാത്ത പ്രണയത്തില്‍ ഉടനെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല ലോകമെന്ന മറുപടിയും കവി തന്നെ പറയുന്നു. ഉരുള ചോറിനായി മാടിവിളിക്കുന്ന ബലികാക്ക ഏറുകൊണ്ടതിന്റെ ആഴങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴും പുതുമലയാള കവിതയുടെ അനിതരമായ സൗന്ദര്യത്തെ ആവോളം നുകരുകയായിരുന്നു മലയാളഭാഷ ഭരണഭാഷ സദസ്സും. വേരുകളും ശാഖകളും നീട്ടി വീരാന്‍കുട്ടിയുടെ കവിതകള്‍ സഞ്ചരിച്ചപ്പോള്‍ മലയാളമെന്ന മാതൃഭാഷയും കുളിരുള്ളതായി മാറുകയായിരുന്നു.