ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ടുള്ള പാലക്കാട് നിയോജകമണ്ഡലം സംഘാടക സമിതിയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്വാഗതസംഘം ഓഫീസ് ഡിസംബര്‍ മൂന്ന് വരെ പ്രവര്‍ത്തിക്കും. നവകേരള സദസ് പാലക്കാട് നിയോജമണ്ഡലം ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. ടി.കെ നൗഷാദ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടറും നോഡല്‍ ഓഫീസറുമായ സച്ചിന്‍ കൃഷ്ണ, ഡി.ഇ.ഒ ഉഷ മാനാട്ട്, സ്പെഷ്യല്‍ തഹസില്‍ദാര്‍ പി. മധു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

കുട്ടികള്‍ മന്ത്രിസഭക്ക് ‘ഭാവി കേരളം’ കുറിപ്പെഴുതും, ‘സ്വപ്നകേരളം’ വരയ്ക്കും

നവകേരള സദസുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിലെയും കണ്ണാടി, മാത്തൂര്‍, പിരിയിരി ഗ്രാമപഞ്ചായത്തുകളിലെയും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ‘ഭാവി കേരളം’ എന്ന വിഷയത്തില്‍ മന്ത്രിസഭക്ക് കുറിപ്പെഴുതും. ഇതോടൊപ്പം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ‘സ്വപ്നകേരളം’ എന്ന വിഷയത്തില്‍ അവരുടെ സ്വപ്നത്തിലുള്ള കേരളത്തെ നവംബര്‍ 18 ന് രാവിലെ പത്തിന് അതത് വിദ്യാലയങ്ങളില്‍ വരയ്ക്കും.
നവകേരളസദസിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ഫ്ളാഷ് മോബ്, ബാന്‍ഡ്മേളം എന്നിവയും സംഘടിപ്പിക്കും. നവകേരള സദസുമായി ബന്ധപ്പെട്ട് സംഘാടക സമിതി ഓഫീസില്‍ നടന്ന യോഗത്തില്‍ പാലക്കാട് നഗരസഭയിലെയും കണ്ണാടി, മാത്തൂര്‍, പിരായിരി
ഗ്രാമപഞ്ചായത്തുകളിലെയും വിവിധ സ്‌കൂള്‍, കോളെജ് അധികൃതര്‍ പങ്കെടുത്തു.