മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ നാളെ യോഗം

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയില്‍ വിപുമായ ഒരുക്കങ്ങള്‍ തുടങ്ങി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ബുധനാഴ്ച (നാളെ) വൈകീട്ട് 3 ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാതല അവലോകന യോഗം ചേരും. നവംബര്‍ 23 ന് ജില്ലയിലെ മണ്ഡലങ്ങളില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.

നിയോജക മണ്ഡല തലങ്ങളില്‍ മാനന്തവാടിയില്‍ ഒ.ആര്‍.കേളു എം.എല്‍.എ ചെയര്‍മാനും സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി കണ്‍വീനറുമായ സമിതിയും സുല്‍ത്താന്‍ ബത്തേരിയില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ ചെയര്‍പേഴ്സനായും ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു കണ്‍വീനറായ സമിതിയും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് കണ്‍വീനറുമായ സമിതിയാണ് നവകേരള സദസ്സിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.

മാനന്തവാടി സ്വാഗതസംഘം ഓഫീസ്
നവംബര്‍ 9 ന് ഉദ്ഘാടനം ചെയ്യും

മാനന്തവാടിയില്‍ നവകേരളസദസ്സിന്റെ മുന്നോടിയായി രൂപീകരിച്ച സബ്കമ്മിറ്റികളുടെ അവലോകന യോഗം ഒ.ആര്‍ കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മാനന്തവാടി മണ്ഡലത്തിലെ നവകേരള സദസ്സ് മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചടങ്ങില്‍ നവകേരള സദസ്സിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് തലങ്ങളിലും വാര്‍ഡ് തലത്തിലും സംഘാടക സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മണ്ഡലത്തിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെയും കൃഷി ഓഫീസര്‍മാരുടെയും സി.ഡി.എസ്, ഐ.സി.ഡി.എസ്, ഉദ്യോഗസ്ഥരുടെയും യോഗം ചേരാനും തീരുമാനിച്ചു. കുടുംബശ്രി പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും ആദിവാസി വിഭാഗങ്ങളുടെയും ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകരുടെയും പങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കും. പഞ്ചായത്ത് തലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും യോഗം തീരുമാനിച്ചു. നവംബര്‍ 12ന് മുമ്പായി മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുകള്‍ വിതരണം ചെയ്യുന്നതിനും തീരുമാനമായി. നവംബര്‍ 9ന് മാനന്തവാടി മണ്ഡലം സ്വാഗതസംഘം ഓഫീസ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നവംബര്‍ 23 ന് വൈകീട്ട് 4 ന് മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഗ്രൗണ്ടിലാണ് നവകേരള സദസ്സ് നടക്കുക. യോഗത്തില്‍ സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്‍, അംബികാ ഷാജി, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.