ചേലക്കര പഞ്ചായത്തിലെ പുലാക്കോട് എട്ടാം വാര്‍ഡിലെ പറക്കുന്ന് കോളനി നിവാസികള്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ പ്രകൃതി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറ്റവും വീടിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വികസന, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

2019ലെ വര്‍ഷകാലത്താണ് പ്രദേശത്തെ 27 കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നവിവരം വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എച്ച്. ഷലീല്‍ മന്ത്രിയെ അറിയിക്കുന്നത്. ഓരോ കുടുംബത്തിനും അവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് സ്ഥലം വാങ്ങാന്‍ 6 ലക്ഷം രൂപയും വീട് വയ്ക്കാന്‍ 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പ്രകൃതി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ചു. 27 കുടുംബങ്ങളിലെ 19 പേര്‍ക്കാണ് പണം അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ അഞ്ചു കുടുംബങ്ങളാണ് സ്ഥലം വാങ്ങി വീട് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്.

ചടങ്ങില്‍ ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. മായ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലീല്‍, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ കാളിയത്ത്, എല്ലിശ്ശേരി വിശ്വനാഥന്‍, കെ.കെ ശ്രീവിദ്യ, പി.കെ ജാനകി, തഹസില്‍ദാര്‍ എം.സി. അനുപമന്‍, പൊതുപ്രവര്‍ത്തകരായ സി.കെ. ശ്രീകുമാര്‍, സി. മുരുകേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.