സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന് സമാപനമായി. പ്രശസ്ത സാഹിത്യകാരനും സംവിധായകനുമായ കാളിദാസ് പുതുമന ഉദ്ഘാടനം ചെയ്തു. പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.കെ ബൈജു അധ്യക്ഷനായി. പരിപാടിയില്‍ ഊര്‍ജ സംരക്ഷണ സന്ദേശ വീഡിയോകള്‍ പ്രചരിപ്പിച്ച കുമരേഷ് വടവന്നൂര്‍, എം.പി അപ്പന്‍ പുരസ്‌കാര ജേതാവായ സാഹിത്യകാരി കെ.പി സരസ്വതി, കാളിദാസ് പുതുമന എന്നിവരെ ആദരിച്ചു.

വാരാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. കുമരേശന്‍ വടവന്നൂരിന്റെ(പാലക്കാട് ചാമിയച്ചന്‍) വൈദ്യുതി ബോധവത്ക്കരണ ഏകാംഗ നാടക അവതരണവും സീനിയര്‍ സൂപ്രണ്ട് പി. ശിവദാസ്, സീനിയര്‍ അസിസ്റ്റന്റ് കെ.എ ദീപ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.

വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കായി നടത്തിയ കഥാരചന മത്സരത്തില്‍ ശ്രീജ എച്ച്. നായര്‍, കെ.എസ് ഷബീന, പി.കെ സുമ എന്നിവര്‍ക്ക് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു. കവിതാ രചനയില്‍ എം.കെ ചന്ദ്രിക, കെ.എ ദീപ, ശ്രീജ എച്ച്. നായര്‍, വി.എം ബിനുമോന്‍ എന്നിവരും സാഹിത്യ പ്രശ്നോത്തരിയില്‍ കെ. വിനോദ്കുമാര്‍, ശ്രീജ എച്ച്. നായര്‍, കെ. വിനീത് എന്നിവരും കൈയെഴുത്ത് മത്സരത്തില്‍ പി.ബി സതീഷ്, പി. ഷാജഹാന്‍, ടി. സ്വപ്ന എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഉപന്യാസ മത്സരത്തില്‍ ജിന്റോ ജോണ്‍, കെ. വിനോദ് കുമാര്‍, കെ.എ ദീപ എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വൈദ്യുതി ഭവന്‍ പരിസരത്ത് നടന്ന സമാപന പരിപാടിയില്‍ പാലക്കാട് ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.വി രാമപ്രകാശ്, ചിറ്റൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ യു. ഉണ്ണികൃഷ്ണന്‍, ആലത്തൂര്‍ സീനിയര്‍ സൂപ്രണ്ട് പി. ശിവപ്രസാദ്, പാലക്കാട് ഡിവിഷന്‍ നോഡല്‍ ഓഫീസര്‍ വിപിന്‍ നല്ലായം, പാലക്കാട് റീജിയണല്‍ ഓഡിറ്റ് ഓഫീസര്‍ രമേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.