ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ശിശുദിനാഘോഷം വിപുല പരിപാടികളോടെ സംഘടിപ്പിക്കും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവര്‍ നയിക്കുന്ന കുട്ടികളുടെ മഹാറാലി തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് തുടങ്ങി താലൂക്ക് കച്ചേരി ജംക്ഷന്‍ വഴി സെയിന്റ് ജോസഫ് സ്‌കൂളില്‍ സമാപിക്കും. സ്റ്റുഡന്റ് പൊലിസ്, എന്‍ സി സി, സ്‌കൗട്ട്‌സ് എന്നിവയ്‌ക്കൊപ്പം നിശ്ചലദൃശ്യങ്ങള്‍, ലഹരിവിരുദ്ധ ഫ്‌ളാഷ് മോബ്, ബാന്‍ഡ്ട്രൂപ്, ചെണ്ടമേളം, കളരി, വാള്‍പയറ്റ്, കരാട്ടെ, സ്‌കേറ്റിംഗ് തുടങ്ങിയവ അനുഗമിക്കും.

ഫ്‌ളാഗ് ഓഫ് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ബോയ്‌സ് ഹൈസ്‌കൂളില്‍ രാവിലെ ഒമ്പതിന് നിര്‍വഹിക്കും. ഘോഷയാത്രയിലെ മികവിന് കെ രവീന്ദ്രനാഥന്‍ നായര്‍ സ്മാരക റോളിംഗ് ട്രോഫിയും 10,000 രൂപ ക്യാഷ് അവാര്‍ഡുമുണ്ട്.

പൊതുസമ്മേളനം സെയിന്റ് ജോസഫ് സ്‌കൂളില്‍ രാവിലെ 10ന് കുട്ടികളുടെ പ്രധാനമന്ത്രി എം മഹേശ്വര്‍ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ശിശുദിന സന്ദേശം നല്‍കും. ശിശുക്ഷേമ സമിതി നടത്തിയ വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. എന്റെ വിദ്യാലയം എന്റെ കൃഷി പദ്ധതിയുടെ ഭാഗമായുള്ള കുട്ടികര്‍ഷകരേയും ആദരിക്കും. കുട്ടികളുടെ പ്രസിഡന്റ് നദീം ഇഹ്‌സാന്‍ അധ്യക്ഷനാകും.

എം മുകേഷ് എം എല്‍ എ സമ്മാനദാനവും എം നൗഷാദ് എം എല്‍ എ കുട്ടികളെ ആദരിക്കലും, മേയര്‍ പ്രസന്ന ഏണസ്റ്റ് ശിശുദിന സ്റ്റാമ്പ് പ്രകാശനവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ സയന്‍സ് ഗ്ലോബല്‍ ലോഗോ പ്രകാശനം ചെയ്യും. സിറ്റി പൊലിസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് സല്യൂട്ട് സ്വീകരിച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ദേവ്, ട്രഷറര്‍ അജിത് പ്രസാദ്, ജോയിന്റ് സെക്രട്ടറി സുവര്‍ണന്‍ പരവൂര്‍, വൈസ് പ്രസിഡന്റ് ഷീബ ആന്റണി തുടങ്ങിയവര്‍ പങ്കെടുക്കും.

കിഡ്‌സ് റണ്‍ 12ന്

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതിയും സോള്‍സ് ഓഫ് കൊല്ലവും സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്‌സ് റണ്‍ നവംബര്‍ 12ന് രാവിലെ 6.30ന് ആശ്രാമം മൈതാനത്ത് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. താത്പര്യമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡി ഷൈന്‍ ദേവ് അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍ – 9747402111, 94477195220