ഇടുക്കി: ദേശീയപാത 85 ല്‍ വെയിസ്റ്റ് കണ്‍ട്രോള്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു.ഡിടിപിസി യും കട്ടപ്പന കേന്ദ്രമായുള്ള എക്സ് സര്‍വ്വീസ്മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നേര്യമംഗലം മുതല്‍ മൂന്നാര്‍ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശങ്ങളെ മാലിന്യമുക്തമായി സംരക്ഷിക്കുകയാണ് വെയിസ്റ്റ് കണ്‍ട്രോള്‍ ചെക്ക്പോസ്റ്റിന്റെ ലക്ഷ്യം. ദേശീയപാതയില്‍ നേര്യമംഗലം പാലത്തിന് സമീപമാണ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ദേശീയപാതയിലൂടെ കടന്നുവരുന്ന സഞ്ചാരികള്‍ക്ക് ഇവിടെ നിന്നും മാലിന്യം സൂക്ഷിക്കാന്‍ ഗാര്‍ബേജ് ബാഗുകള്‍ നല്‍കും. ഉണ്ടാകുന്ന മാലിന്യം ബാഗിലാക്കി ദേശിയപാതയോരത്ത് തന്നെ വയ്ക്കുകയോ മാലിന്യം ശേഖരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട പോയിന്റുകളില്‍ ഏല്‍പ്പിക്കുകയോ തിരികെ വരുമ്പോള്‍ ചെക്ക് പോസ്റ്റില്‍ തന്നെ എത്തിക്കുകയോ ചെയ്യാം. ദേശീയപാതയില്‍ നിയമിച്ചിട്ടുള്ള 150ലധികം ജീവനക്കാര്‍ ഗാര്‍ബേജ് ബാഗുകളിലെ മാലിന്യം ശേഖരിച്ച് പദ്ധതിയുടെ ഭാഗമായുള്ള സംസ്‌ക്കരണ കേന്ദ്രത്തിലെത്തിക്കും. കുപ്പികളും പ്ലാസ്റ്റികുമെല്ലാം വെവ്വേറെ വേര്‍തിരിച്ചാണ് ഇവര്‍ സംസ്‌ക്കരണം നടത്തുന്നത്. 12 ദിവസങ്ങള്‍ക്ക് മുമ്പാണ് വെയിസ്റ്റ് കണ്‍ട്രോള്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനോടകം 15000ത്തോളം ഗാര്‍ബേജ് ബാഗുകള്‍ ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് നല്‍കി കഴിഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ട് എക്സ് സര്‍വ്വീസ്മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇത്തരമൊരു പദ്ധതി ഡിടിപിസിക്കു മുമ്പില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയുമായിരുന്നു. കുറിഞ്ഞി വസന്തത്തിന്റെ ആരംഭത്തില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ദേശീയപാതയോരത്തെ കാട് വെട്ടി തെളിച്ചും എക്സ് സര്‍വ്വീസ്മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാതൃകയായിരുന്നു. സഞ്ചാരികളുടെ ഭാഗത്തു നിന്നും പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ പറഞ്ഞു.