ഇടുക്കി: കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കാണാന്‍ തെലങ്കാനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000 രൂപ സംഭാവന നല്‍കി. കേരളത്തില്‍ ആറ് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ തെലങ്കാന കൊരട്ട്‌ല ആനന്ദ്‌നഗറിലെ നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ 36 പേരും  അഞ്ച് സ്റ്റാഫ് അംഗങ്ങളുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ജില്ലാകലക്ടര്‍ ജീവന്‍ബാബുവിന് കലക്‌ട്രേറ്റില്‍ എത്തി കൈമാറിയത്. കേരളത്തെ ഏറെ സ്‌നേഹിക്കുന്നവരാണ് തങ്ങളെന്നും അതിജീവന പ്രവര്‍ത്തനം നടത്തുന്ന ജനങ്ങളോടൊപ്പമുണ്ടാകുമെന്നും വിദ്യാര്‍ത്ഥികല്‍ വ്യക്തമാക്കി. മൂന്നാറും കൊച്ചിയും ആലപ്പുഴയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണുന്നതിന് ആറുദിവസത്തെ ടൂര്‍ പ്രോഗ്രാമുമായാണ് എത്തിയതെന്നും കുട്ടികള്‍ ജില്ലാകലക്ടറോട് പറഞ്ഞു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ദുരന്തത്തിന്റെ വ്യാപ്തിയും കുട്ടികള്‍ കലക്ടറോട് ചോദിച്ച് മനസിലാക്കി.