വിവാഹം കച്ചവടമനസ്ഥിതിയോടെ നടത്തുന്നപ്രവണത വ്യാപിക്കുന്നുവെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിങില്‍ പങ്കെടുക്കുകയായിരുന്നു. വിവാഹം നടന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ദമ്പതികള്‍തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. വിലപേശി പണംവാങ്ങുന്നു, വധുവിന്റെ സ്വര്‍ണവും മറ്റും വരന്റെ ബന്ധുക്കള്‍ കൈവശപ്പെടുത്തി കൈകാര്യംചെയ്യുന്നതും തൊഴിലിടങ്ങളിലെ അധിക്ഷേപം, വഴിതര്‍ക്കം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും സിറ്റിങില്‍ പരിഗണിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും രമ്യമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും തദ്ദേശസ്ഥാപനതലത്തിലെ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണം. സമിതികള്‍ക്ക് നിയമപരമായ അംഗീകാരംനല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പട്ടുവെന്ന് അധ്യക്ഷ പറഞ്ഞു.
വനിത കമ്മിഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, സി ഐ ജോസ് കുര്യന്‍, അഭിഭാഷകരായ ബെച്ചി കൃഷ്ണ, ഹേമ ശങ്കര്‍, സീനത്ത്, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു. 75 കേസുകള്‍ പരിഗണിച്ചു. ഒന്‍പത് എണ്ണം തീര്‍പ്പാക്കി. രണ്ട് എണ്ണം റിപ്പോര്‍ട്ടിനും രണ്ട് എണ്ണം കൗണ്‍സിലിങിനും അയച്ചു. 62 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റി.