മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടത്തുന്ന നിയോജക മണ്ഡലതല പര്യടനം ‘നവകേരള സദസി’ന് മുന്നോടിയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാതല ആലോചന യോഗം ചേര്‍ന്നു. ഇടുക്കി ജില്ലയില്‍ ഡിസംബര്‍ 10, 11, 12 തീയതികളില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും നവകേരള സദസ് സംഘടിപ്പിക്കും. ഡിസംബര്‍ 10 ന് തൊടുപുഴ നിയോജക മണ്ഡലത്തില്‍ വൈകിട്ട് 6 മണിക്ക് ഗാന്ധി സ്‌ക്വയര്‍ മൈതാനത്ത് നവകേരള സദസ് നടത്തും. 11 ന് ഇടുക്കി മണ്ഡലതല സദസ് രാവിലെ 11 മണിക്ക് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തും.

ദേവികുളം മണ്ഡലതല സദസ് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കും നടത്തും. ഉടുമ്പന്‍ചോല മണ്ഡലതല സദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെകിട്ട് അഞ്ചിന് സംഘടിപ്പിക്കും. 12 ന് പീരുമേട് മണ്ഡലതല നവകേരളസദസ് രാവിലെ 11 ന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടത്തും.
അയ്യായിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന വേദികളാണ് തയ്യാറാക്കുന്നത്.

പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. സ്വീകരിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. രണ്ടാഴ്ചയ്ക്കുള്ളില്‍ പരാതികളില്‍ പരിഹാരം കാണാനാണ് ലക്ഷ്യമെന്നും മന്ത്രി റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. നിയോജകമണ്ഡല തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. തുടര്‍ന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തേണ്ട മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിച്ചു. വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന ഗ്രാമപഞ്ചായത്ത്തല സംഘാടക സമിതി യോഗങ്ങള്‍ പുരോഗമിക്കുകയാണെന്നും നവംബര്‍ 11 നകംയോഗം പൂര്‍ത്തിയാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കേബ്, ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങി നിരവധി പേര്‍ ആലോചനാ യോഗത്തില്‍ പങ്കെടുത്തു.