ലോകത്തിനു മുമ്പിൽ എന്നും അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് വിദ്യാഭ്യാസമാണെന്ന് ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. പുലിയൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്ത്രീ സൗഹൃദ കേന്ദ്രത്തിന്റെയും ജെൻഡർ ഫ്രണ്ട്‌ലി ടോയ്‌ലറ്റിന്റെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ 28 സ്‌കൂളുകൾക്ക് ഇതിനകം പുതിയ കെട്ടിടം നിർമിച്ചു. ഈ വർഷം നാല് സ്‌കൂളുകൾക്ക് കൂടി പുതിയ കെട്ടിടം നിർമിക്കുന്നതിന് നിർദ്ദേശം കൊടുത്തതായും അടുത്ത രണ്ടുവർഷം കഴിയുമ്പോൾ മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകൾക്കും പുതിയ കെട്ടിടം എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പ്ലാൻ ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ വിനിയോഗിച്ചു എല്ലാ സ്‌കൂളുകൾക്കും ആധുനികമായ ശുചിമുറി ബ്ലോക്കുകൾ, സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ എന്നിവ ഒരുക്കും. കുട്ടികളുടെ കലാപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനായുള്ള നിരന്തര പഠന കേന്ദ്രവും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് പ്ലാൻ ഫണ്ടിൽ നിന്നും എം.എൽ.എ. ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്ത്രീ സൗഹൃദ കേന്ദ്രവും ജെൻഡർ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സന മോഹൻ, പുലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി ശൈലജ, ബി.പി.സി (ബി.ആർ.സി) ജി. കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് എസ്. അനിത, എസ്.എം.സി വൈസ് ചെയർമാൻ രമ്യ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.