ജില്ലയിൽ ആയുർവേദ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ദേശീയ ആയുർവേദ ദിനാചരണം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയുടെ ടൂറിസം സാധ്യതകൾ നമ്മൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഈ ലക്‌ഷ്യം മുന്നിൽക്കണ്ട് തന്നെയാണ് ഇക്കോ ലോഡ്ജ് അടക്കമുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സ്വീകാര്യമാകുന്ന ആയുർവേദ സ്ഥാപനമായി പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രി മാറിയിട്ടുണ്ട്. ഇത് ജില്ലയാകെ വ്യാപിപ്പിക്കുന്നതിന് വേണ്ടി ജില്ലയിലെ മറ്റ് ആയുർവേദ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ” ആയുർവേദം എല്ലാവർക്കും എല്ലാദിവസവും”, “ആഹാരം തന്നെ ഔഷധം” എന്നീ ആശയങ്ങൾ മുൻനിർത്തി ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഔഷധ മൂല്യമുള്ള ആഹാരസാധനങ്ങളുടെ പ്രദർശനവും, ബോധവൽക്കരണ ക്ലാസും നടന്നു.

ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, പാറേമാവ് ജില്ല ആയുർവേദ ആശുപത്രി ഡി എം ഒ ഡോ. സുരേഷ്, എൻഎസ്എസ് വോളണ്ടിയർമാർ, ആശുപത്രി ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.