മണ്ഡലതല ജനറല്‍ ബോഡി യോഗം മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു

നവകേരള സദസ്സ് ഒല്ലൂര്‍ മണ്ഡലം ജനറല്‍ ബോഡി യോഗം മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല കോളേജ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന വിപുലമായ പരിപാടികളാണ് ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ലക്ഷ്യമിടുന്നത്.

ഡിസംബര്‍ അഞ്ചിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന കലാ വിരുന്നോട്കൂടിയാണ് ഒല്ലൂര്‍ മണ്ഡലം നവ കേരള സദസ്സിന്റെ ഔപചാരിക യോഗം ആരംഭിക്കുകയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി കെ. രാജന്‍ പറഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി പരമാവധി പ്രചരണം ഉറപ്പുവരുത്തണം. ബൂത്ത് തല യോഗങ്ങള്‍ ഈ മാസം 20 ന് മുമ്പായി പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ 17 ന് മുമ്പായി സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ബഡ്ജറ്റ് സംബന്ധിച്ചും അന്തിമരൂപവും വിലയിരുത്തലും ഉണ്ടാകണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒല്ലൂര്‍ മണ്ഡലം നവ കേരള സദസ്സ് കോഡിനേറ്റര്‍ കൂടിയായ എഡിഎം ടി. മുരളി നേതൃത്വം നല്‍കാനും മന്ത്രി ചുമതലപ്പെടുത്തി.

17 ന് സുവോളജിക്കല്‍ പാര്‍ക്കില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്താനും യോഗത്തില്‍ തീരുമാനമായി. വിവിധ സബ് കമ്മിറ്റികള്‍ കഴിഞ്ഞ 20 ദിവസങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. കുറ്റമറ്റ രീതിയിലുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്യുകയും ചെയ്തു.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍. രവി, ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്, വര്‍ക്കിംഗ് ചെയര്‍മാന്‍ വര്‍ഗീസ് കണ്ടന്‍കുളത്തി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സുദര്‍ശനന്‍, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, വര്‍ക്കിംഗ് കമ്മിറ്റി കണ്‍വീനര്‍ പ്രസാദ് പറേരി, എഡിഎം ടി. മുരളി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, വിവിധ സ്ഥാപന മേധാവികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.