ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാമത്സരങ്ങള്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ നടന്ന കലാമത്സരങ്ങളുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കലാമത്സരങ്ങളില്‍ 329 പോയിന്റ് നേടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും 269 പോയിന്റ് നേടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 223 പോയിന്റ് നേടി മാനന്തവാടി മുനിസിപ്പാലിറ്റി മൂന്നാം സ്ഥാനവും നേടി.

രണ്ട് വേദികളിലായി നടന്ന കലാമത്സരങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ മാറ്റുരച്ചു. സമാപനചടങ്ങില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നവംബര്‍ 19 ന് കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തിലും ഗെയിംസ് ഇനങ്ങള്‍ നവംബര്‍ 18 വരെ ജില്ലയിലെ വിവിധ വേദികളിലും നടക്കും.

സമാപന ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം മുഹമ്മദ് ബഷീര്‍, ഉഷാ തമ്പി, ജുനൈദ് കൈപ്പാണി, സീതാ വിജയന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ വിജയന്‍, കെ.ബി നസീമ, ബിന്ദു പ്രകാശ്, അമല്‍ ജോയ്, കല്‍പറ്റ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.കെ അസ്മ, വാര്‍ഡ് മെമ്പര്‍മാരായ പി.എ അസീസ്, റഹീന ഐക്കാരന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം പി.എം ഷബീറലി യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്‍, പ്രധാനധ്യാപകന്‍ എം.കെ ഷൈബു, പി.ടി.എ പ്രസിഡന്റ് പി.സി മമ്മൂട്ടി, തുടങ്ങിയവര്‍ സംസാരിച്ചു.