നവംബർ 27 മുതൽ 30 വരെ നാല് ദിവസങ്ങളിലായാണ് മലപ്പുറം ജില്ലയിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവകേരള സദസ്സുകളും പ്രഭാത സദസ്സുകളും നടക്കുന്നത്. ഓരോ ദിവസവും നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തും. തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ കേന്ദ്രമായുള്ള മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ജനങ്ങളുമായി ആശയവിനിമയം നടത്തുക. ഓരോ മണ്ഡലം സദസ്സിലും 15,000 ത്തിലധികം പേരെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

പ്രഭാത സദസ്സുകളിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ-യുവജന-വിദ്യാർത്ഥി വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

നവംബർ 27ന് തിരൂർ ബിയാൻകോ കാസിലിൽ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കമാവുക. തിരൂർ, തവനൂർ, പൊന്നാനി, താനൂർ മണ്ഡലങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ളവർ ആദ്യ പ്രഭാത സദസ്സിൽ പങ്കെടുക്കും.

തുടർന്ന് അന്നേ ദിവസം രാവിലെ 11 ന് പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ്സ് നടക്കും. വൈകുന്നേരം മൂന്നിന് തവനൂർ മണ്ഡലം സദസ്സ് എടപ്പാൾ സഫാരി പാർക്കിലും, 4.30 ന് തിരൂർ മണ്ഡലം സദസ്സ് ജി.ബിഎച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് താനൂർ മണ്ഡലം ജനസദസ്സ് ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിലും നടക്കും.

നവംബർ 28ന് വള്ളിക്കുന്ന് മണ്ഡലം സദസ്സ് രാവിലെ 11ന് കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് സബാഹ് സ്‌ക്വയറിലും കോട്ടക്കൽ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് ആയുർവേദ കോളേജ് ഗ്രൗണ്ടിലും നടക്കും.

നവംബർ 29 ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്‌ബൈൻ ഹോട്ടലിൽ എട്ട് മണ്ഡലങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രഭാത സദസ്സ് നടക്കും. തുടർന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. മഞ്ചേരി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, മങ്കട മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും.

നവംബർ 30 ന് രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ പൊന്ന്യാകുറിശ്ശി ശിഫാ കൺവെൻഷൻ സെന്ററിൽ നാല് മണ്ഡലങ്ങളുടെ പ്രഭാത സദസ്സ് നടക്കും. തുടർന്ന് ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം മൂന്നിന് നിലമ്പൂർ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂർ മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്‌കൂൾ ഗ്രൗണ്ടിലും, പെരിന്തൽമണ്ണ മണ്ഡലം സദസ്സ് വൈകുന്നരേം ആറിന് നെഹ്‌റു സ്റ്റേഡിയത്തിലും നടക്കും. പരിപാടികളിൽ എം.എൽ എ മാർ ഉൾപ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.


പരാതികൾ സ്വീകരിക്കാൻ സൗകര്യം

നവകേരള സദസ്സിനെത്തുന്നവരിൽ നിന്നും പരാതി സ്വീകരിക്കാൻ വേദികളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. കാത്തിരിപ്പില്ലാതെ പരാതി നൽകാവുന്ന രീതിയിൽ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകൾ വീതം സജീകരിക്കും. സ്ത്രീകൾ, മുതിർന്ന പൗരൻമാൻ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തും. നവകേരള സദസ്സ് തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങും. പൊതുപരിപാടി അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിച്ച ശേഷമേ കണ്ടറുകൾ അടക്കൂ. പരാതിക്കാർക്ക് കൈപ്പറ്റ് രസീത് നൽകും.

സ്വീകരിച്ച പരാതികൾ കളക്ടറേറ്റിൽ എത്തിച്ച് ഇതിനായി തയ്യാറാക്കിയ വെബ്  അപ്ലിക്കേഷനിൽ ഡാറ്റാ എൻട്രി നടത്തിയ ശേഷം ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല മേധാവികൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പോർട്ടൽ മുഖേന കൈമാറും. ഇവ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്ത് പരാതിക്കാരന് മറുപടി നൽകും. കൂടുതൽ നടപടിക്രമങ്ങൾ ആവശ്യമുള്ള കേസുകളിൽ നാലാഴ്ചയ്ക്കകം തീർപ്പുണ്ടാക്കും. ഇത്തരം സാഹചര്യങ്ങളിൽ പരാതിക്കാരന് ഒരാഴ്ചക്കകം ഇടക്കാല മറുപടി നൽകും.

സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ പരമാവധി 45 ദിവസത്തിനകം പരിഹാരം കാണും. ഇതിനായി ജില്ലാതല ഉദ്യോഗസ്ഥർ വിശദമായ റിപ്പോർട്ട് സഹിതം ഫയൽ ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് കൈമാറും. ഇത്തരം സാഹചര്യങ്ങളിൽ പരാതിക്കാരന് ഒരാഴ്ചക്കകം ഇടക്കാല മറുപടി നൽകണമെന്ന് സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.