വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ ജില്ലാതല ശിശുദിനാഘോഷം ചെറുതോണിയില്‍ നടന്നു. വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പതാക ഉയര്‍ത്തിയതോടെ ശിശുദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തുറന്ന ജീപ്പില്‍ കുട്ടികളുടെ പ്രധാനമന്ത്രി ഹന്നാ തോമസ് നയിച്ച റാലിക്ക് അകമ്പടിയേകി ബാന്‍ഡ് മേളവും ഉണ്ടായിരുന്നു. നിശ്ചലദൃശ്യങ്ങളും ചാച്ചാജിയുടെ വേഷത്തിലെത്തിയ കുട്ടികളും നിരന്നതോടെ ശിശുദിന റാലിക്ക് കാഴ്ചക്കാര്‍ കൂടി . ശിശുദിനറാലി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഫ്ളാഗ് ഓഫ് ചെയ്തു. റാലി ചെറുതോണി ടൗണ്‍ ചുറ്റി ടൗണ്‍ഹാളിലെത്തിയതോടെ ശിശുദിനാഘോഷ സമാപനസമ്മേളനത്തിന് തുടക്കമായി.

കുട്ടികളുടെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ഇടുക്കി ന്യൂമാന്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനി ഹന്നാ തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ പുളിയന്‍മല കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി ജൊഹാന്‍ ജയ്സണ്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. വിമലഗിരി വിമല ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കാതറിന്‍ ബിജു സ്വാഗതം പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതി നടത്തിയ പ്രസംഗമത്സരത്തില്‍ നിന്നാണ് കുട്ടികളുടെ പ്രധാനമന്ത്രിയെയും സ്പീക്കറെയും തെരെഞ്ഞെടുത്തത്.

ശിശുദിന സ്റ്റാമ്പ് പ്രകാശനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ് ശിശുദിനസന്ദേശവും, ശിശുദിന പുരസ്‌കാര വിതരണവും നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടംപിടിച്ച കുട്ടികളായ അദര്‍വ്വ മനോജ് (ഒന്നര വയസ്), അക്കിയോ വിപിന്‍ (5 വയസ് ), സഹോദരങ്ങളായ നിഖാന്‍ വിമന്‍(3), നിരഞ്ചന്‍ വിമല്‍ (9), യോഗ ദേശയ ചാമ്പ്യന്‍ പുരസ്‌കാരവും കലാം വേള്‍ഡ് റെക്കോര്‍ഡും നേടിയ ദുര്‍ഗ്ഗ മനോജ് (13) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.

പൈനാവ് സര്‍ക്കാര്‍ യു.പി.സ്‌കൂള്‍, വാഴത്തോപ്പ് ഹൈസ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേന്ദ്രീയവിദ്യാലയം, പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, മണിയാറന്‍കുടി സര്‍ക്കാര്‍ സ്‌കൂള്‍, ഗിരിജ്യോതി പബ്ലിക് സ്‌കൂള്‍, വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ റാലിയില്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സമാപനസമ്മേളനത്തില്‍ അരങ്ങേറി.
വനിതാ ശിശുവികസനവകുപ്പ് ജില്ലാ ഓഫീസര്‍ എസ്. ഗീതകുമാരിമാരി, ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് ജി എസ്, ഗ്രാമപഞ്ചായത്തംഗം നിമ്മി ജയന്‍, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ്, ട്രഷറര്‍ പി.രവി എന്നിവര്‍ സന്നിഹിതരായിരുന്നു.