ജില്ലയില്‍ ശിശുദിനം വര്‍ണ്ണാഭമായ ചടങ്ങുകളില്‍ ശ്രദ്ധേയമായി. ജില്ലാതല ശിശുദിനാഘോഷം പൂതാടി യു.പി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരന്‍, ചെയര്‍പേഴ്സണ്‍മാരായ മിനി സുരേന്ദ്രന്‍, ഐ.ബി മൃണാളിനി, കെ ജെ സണ്ണി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഉഷാ തമ്പി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ലൗലി സാജു, വാര്‍ഡ് മെമ്പര്‍ എമ്മാനുവല്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കാര്‍ത്തിക അന്ന തോമസ്,സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സലിം പൂതാടി, ഹെഡ് മാസ്റ്റര്‍ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോണ്‍ ബോസ്‌കോ കോളേജ് സൈക്കോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൂകാഭിനയം, കളരി പരിശീലകന്‍ ജെയിന്‍ മാത്യു അവതരിപ്പിച്ച കളരി ആയോധന കല പ്രദര്‍ശനം, ലഹരി വിരുദ്ധ സന്ദേശ ഷോര്‍ട് ഫിലിം പ്രദര്‍ശനം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടന്നു.ലഹരി വിരുദ്ധ പോസ്റ്റര്‍ മത്സരം, ഷോര്‍ട് ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിശുദിന റാലി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. അജിഷ് ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലി എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. തുറന്ന ജീപ്പില്‍ കുട്ടി നേതാക്കള്‍ മുന്നില്‍ നിന്ന് നയിച്ച റാലി വേറിട്ടതായി. കുട്ടികളുടെ നേതൃത്വത്തില്‍ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിന പൊതു സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ബത്തേരി എ.യു.പി.എസ് വിദ്യാര്‍ത്ഥി ഫൈഹ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജി.യു.പി.എസ്സ് വിദ്യാര്‍ത്ഥിനിയായ കുട്ടികളുടെ പ്രസിഡന്റ് എയിലിന്‍ റോസ് റോയ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ കല്ലോടി സെന്റ് ജോസഫ് യു പി.എസിലെ എമിന്‍ ഷാജ് മുഖ്യപ്രഭാഷണം നടത്തി.

കല്‍പ്പറ്റ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ ശിവരാമന്‍ ശിശുദിന സന്ദേശം നല്‍കി. ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.രാജന്‍ നിര്‍വ്വഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ല ശിശുക്ഷേമ സമിതി ട്രഷറര്‍ കെ. സത്യന്‍ നിര്‍വ്വഹിച്ചു. ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദീന്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ പി.ആര്‍ ഗിരിനാഥന്‍, പി. ബഷീര്‍, ഗീതാരാജഗോപാല്‍, സി. ജയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കല്‍പ്പറ്റ ഡീപോള്‍ പബ്ലിക് സ്‌കൂളിലെ അച്ചുത് ആര്‍ നായര്‍ ശിശുദിനാഘോഷ ചടങ്ങില്‍ സ്വാഗതവും, തരിയോട് സെന്റ് മേരീസ് എ.യു പി. എസിലെ അലോണ റോസ് നന്ദിയും പറഞ്ഞു.