ശിശു ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. സിഎംഎസ് സ്കൂൾ മുതൽ റീജിയണൽ തിയേറ്റർ വരെ സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഏഴായിരത്തോളം കുട്ടികൾ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ പഞ്ചായത്ത്, തൃശ്ശൂർ കോർപ്പറേഷൻ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി കോർപ്പറേഷൻ മേയർ എം. കെ വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.

റീജിയണൽ തിയേറ്ററിൽ എത്തിയ ശിശുദിന റാലിയെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ . ബിന്ദു, പി ബാലചന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പൊതു സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി എം. കെ ഗംഗ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ടി.എം അവനിജയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കുട്ടികളുടെ സ്പീക്കർ ഹെവേന ബിനു മുഖ്യ പ്രഭാഷണം നടത്തി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ശിശു ദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ ശിശുദിന സന്ദേശം നൽകി. ഹൃതിക ധനഞ്ജയ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ എം ദുർഗ്ഗാദാസ് സ്വാഗതവും ആദ്യ പ്രമോദ് നന്ദിയും പറഞ്ഞു.

ഡെപ്യൂട്ടി മേയർ എം. എൽ റോസി, സംസ്ഥാന ശിശു ക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.കെ പശുപതി, വൈസ് പ്രസി. ഡോ. പി ഭാനുമതി, സെക്രട്ടറി പി.കെ വിജയൻ , ട്രഷറർ വി.കെ ഉണ്ണികൃഷ്ണൻ , ജോ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ് , ബിന്നി ഇമ്മട്ടി , ബാലകൃഷ്ണൻ അഞ്ചത്ത്, ഡോ. ബെന്നി ജേക്കബ്, കെ.എസ് പത്മിനി എന്നിവർ ശിശുദിന റാലിയ്ക്ക് നേതൃത്വം നൽകി.

ചടങ്ങിൽ ശിശുദിന മത്സരത്തിൽ വിജയികളായ 242 കുട്ടികൾക്ക് സർട്ടിഫിക്കറ്റും മൊമന്റോയും നൽകി അനുമോദിച്ചു. സെന്റ് അഗസ്റ്റ്യൻ കുട്ടനെല്ലൂർ എച്ച് എസ് സ്കൂളിലെ എസ് പി സി കുട്ടികളുടെ ഫ്ലാഷ് മോബും നടന്നു. റാലിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ലഘു ഭക്ഷണവും വിതരണം ചെയ്തു.