നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളെ അടുത്തറിഞ്ഞ വികസന പ്രക്രിയകളുടെ തുടര്‍ച്ചയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. നാടിനെ അടുത്തറിഞ്ഞ് നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്കെത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ മണ്ഡലത്തില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളിലേക്കും അവിടെ നിന്ന് ബൂത്ത് തലങ്ങളിലേക്കും പിന്നീട് വീട്ടുമുറ്റം സദസ്സിലേക്കും നവകേരള സദസ്സിന്റെ കൃത്യമായ സന്ദേശം എത്തണം. മണ്ഡലങ്ങളിലൂടെ ജനങ്ങളെ കേട്ട് നവകേരളം നിര്‍മ്മിതിക്കാണ് സദസ്സ് വേദിയാവുകയെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ മികച്ച പരിപാടികളിലൊന്നാണ് നവകേരള സദസ്സിലൂടെ വിഭാവനം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ താഴെ തട്ടിലേക്ക് കൃത്യമായി നവകേരള സദസ്സിന്റെ ആശയങ്ങള്‍ എത്തിക്കുന്നത്തിന് ഐക്യത്തോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ജില്ലാതല അവലോകന യോഗത്തില്‍ പറഞ്ഞു.
ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളിലെയും നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങള്‍ മന്ത്രിമാര്‍ വിലയിരുത്തി. ജനങ്ങളുടെ പരാതികള്‍ കൃത്യമായി കൗണ്ടറിലൂടെ സ്വീകരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷ, ഭക്ഷണം, താമസം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും കൃത്യമായി ഒരുക്കാനും നിര്‍ദ്ദേശിച്ചു. മന്ത്രിമാര്‍ ജില്ലയിലെ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കേണ്ട റൂട്ട് മാപ്പും യോഗത്തില്‍ ചര്‍ച്ച ചെയ്തു. നവകേരള സദസ്സിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ദിനം വിളംമ്പര ദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വേദികള്‍ സന്ദര്‍ശിച്ച് പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കി.
കലക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ നടന്ന അലോകന യോഗത്തില്‍ എംഎല്‍എമാരായ ടൈസണ്‍ മാസ്റ്റര്‍, പി. ബാലചന്ദ്രന്‍, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, മുന്‍ എംഎല്‍എ ബി.ഡി ദേവസ്സി, ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, ജില്ലാ പോലീസ് മേധാവി (തൃശൂര്‍ റൂറല്‍) നവനീത് ശര്‍മ്മ, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക്, അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് നദീം, നവകേരള സദസ്സ് മണ്ഡലം കോര്‍ഡിനേറ്റര്‍മാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.