കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതിനും മറ്റ് നടപടികള്‍ക്കുമായി മലപ്പുറം ജില്ലയില്‍ പുതിയ ജില്ലാതല അധികൃത സമിതിയും തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രാദേശിക നിരീക്ഷണ സമിതികളും നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ചെയര്‍പെഴ്‌സണും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെട്ടതാണ് ജില്ലാതല അധികൃത സമിതി. ഇതോടൊപ്പം ജില്ലയിലെ 12 നഗരസഭകളിലും 95 ഗ്രാമപഞ്ചായത്തുകളിലും പ്രാദേശിക നിരീക്ഷണ സമിതികളും നിലവില്‍ വന്നു.

നഗരസഭാ തലത്തില്‍ നഗരസഭാ അധ്യക്ഷരും ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രസിഡന്റുമാരുമാണ് പ്രാദേശിക നിരീക്ഷണ സമിതിയുടെ ചെയര്‍പെഴ്‌സണ്‍മാര്‍. എല്ലായിടങ്ങളിലും ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരും വില്ലേജ് ഓഫീസര്‍മാരും കര്‍ഷകര്‍ ഉള്‍പ്പെട്ട അനൗദ്യോഗിക അംഗങ്ങളും ചേര്‍ന്നതാണ് സമിതി. നേരത്തെയുണ്ടായിരുന്ന സമിതികളുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയത് നിലവില്‍ വന്നത്. ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ മൂന്ന് വര്‍ഷമായിരിക്കും സമിതിയിലെ അനൗദ്യോഗിക അംഗങ്ങളുടെ കാലാവധിയെങ്കിലും പുതിയ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതുവരെ ചുമതലയില്‍ തുടരാം.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി വീട് നിര്‍മ്മിക്കുന്നതിന് നെല്‍വയല്‍ രൂപാന്തരപ്പെടുത്തുന്നതിന് ഗുണഭോക്താവ് സമര്‍പ്പിച്ച അപേക്ഷകളില്‍ ഈ സമിതികളാണ് പരിശോധിക്കുക. പ്രാദേശിക നിരീക്ഷണ സമിതിയില്‍ നിന്നുള്ള ശിപാര്‍ശ ജില്ലാതല സമിതിയാണ് പരിഗണിക്കുക. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്കും മറ്റ് നിബന്ധനകള്‍ക്കും വിധേയമായാണ് സമിതിയുടെ പ്രവര്‍ത്തനം.

നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി നെല്‍വയലിന്റെ ഉടമസ്ഥര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് നെല്‍വയല്‍ രൂപാന്തരപ്പെടുത്തുന്നതിന് സംസ്ഥാന തല സമിതിക്കോ ജില്ലാതല സമിതിക്കോ ശിപാര്‍ശ നല്‍കുകയാണ് നിരീക്ഷണ സമിതി ചെയ്യുന്നത്.

ഈ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതോടൊപ്പം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍.ഡി.ഒ അല്ലെങ്കില്‍ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമ ലംഘനം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതോടൊപ്പം ഉചിതമായ നടപടികളും സമിതി സ്വീകരിക്കും. നെല്‍വയല്‍ തരിശായി കിടക്കുന്ന സാഹചര്യത്തില്‍ അതിന്റെ കാരണം സംബന്ധിച്ച അന്വേഷണം നടത്തി ഉടമയെ നെല്ലോ മറ്റ് ഇടക്കാല വിളയോ കൃഷി ചെയ്യുന്ന രീതിയില്‍ പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കും.പ്രാദേശിക നിരീക്ഷണ സമിതി ശിപാര്‍ശ ചെയ്ത അപേക്ഷകളില്‍ ഒരു മാസത്തിനകം ജില്ലാതല അധികൃത സമിതി തീരുമാനമെടുക്കും.