നവജാത ശിശു സംരക്ഷണ  വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീനലാൽ നിർവഹിച്ചു. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ടി.പി അഷ്റഫ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെഡിക്കൽ കോളേജ് നവജാത ഐ.സി.യുവിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് സുഖം പ്രാപിച്ച നവജാത ശിശുക്കളുടെ മാതാപിതാക്കളുടെ സംഗമവും ഇതോടൊപ്പം സംഘടിപ്പിച്ചു.

നവംബർ 15 മുതൽ 21 വരെ രാജ്യം മുഴുവൻ ദേശീയ നവജാത ശിശു സംരക്ഷണ വാരമായി ആചരിക്കുകയാണ്. നവജാത ശിശു സംരക്ഷണ സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മാതാപിതാക്കൾക്കും നവജാത ശിശു സംരക്ഷണത്തെ സംബന്ധിച്ച് ബോധവൽക്കരണം നൽകുക എ ലക്ഷ്യത്തോടുകൂടിയാണ് വാരാചരണം സംഘടിപ്പിക്കുന്നത്.

നവജാതശിശു ഐ.സി.യുകളും ഗൃഹകേന്ദ്രീകൃത പരിചരണ സംവിധാനവും തമ്മിൽ ബന്ധപ്പെടുത്തി കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും മുന്നോട്ടുനീങ്ങുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാവും ഗൃഹകേന്ദ്രീകൃത നവജാത ശിശു പരിപാലനം ഉറപ്പു വരുത്തുക.

ആശാ പ്രവർത്തകർക്ക് ഇത് സംബന്ധിച്ച പരിശീലനം ജില്ലയിൽ പൂർത്തീകരിച്ചു കഴിഞ്ഞു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ നവജാത ശിശു പരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെ.പി.എച്ച്.എൻ, എം.എൽ.എസ്.പി ജീവനക്കാർക്കുള്ള പരിശീലനവും വാരാചരണത്തിന്റെ ഭാഗമായി പൂർത്തിയാക്കും.
നവജാത ശിശു ഐ.സി.യുവിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ തുടർപരിചരണം മെച്ചപ്പെടുത്താൻ പ്രത്യേക ടോൾഫ്രീ കോൾ സംവിധാനം ആരംഭിക്കും. പ്രത്യേക പരിശീലനം നേടിയ സ്റ്റാഫ് നഴ്സുമാരാണ് ഈ സേവനം നിർവഹിക്കുന്നത്. നവജാത അമ്മമാർക്കുള്ള സെഷൻ ഡോ. ബിനില, ഡോ. ഷഫീദ് എന്നിവർ നയിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ശർമിള, പി.ആർ.ഒ അലി ബാപ്പു സംസാരിച്ചു.