കൃഷിവിളകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് കര്‍ഷകര്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷിനാശമുണ്ടായ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്ടിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പൂവാറംതോട് പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷി ഇന്‍ഷൂര്‍ ചെയ്യുന്നതിലൂടെ നഷ്ടത്തിന്റെ തോത് കുറക്കാന്‍ കഴിയും. വന്യമൃഗ ആക്രമണത്തിലുണ്ടാകുന്ന നഷ്ടങ്ങളും ഇന്‍ഷൂറന്‍സ് പരിധിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൃഷിനാശമുണ്ടായിട്ട് ഇതുവരെ അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ ഇനിയും അപേക്ഷ നല്‍കിയാല്‍ പരിഗണിക്കും. ജാതി, കുരുമുളക്, കൊക്കോ, തുടങ്ങിയ ദീര്‍ഘകാല വിളകളാണ് ഇവിടെ നശിച്ചത്. ഇതിനാല്‍ ഹ്രസ്വകാല വിളകളായ മഞ്ഞള്‍, പൂകൃഷി തുടങ്ങിയ കൃഷിയിറക്കുന്നത് കര്‍ഷകര്‍ പരിഗണിക്കണം. ഇവിടുത്തെ കാലാവസ്ഥക്ക് അനുയോജ്യമായ കൃഷിരീതികള്‍ കര്‍ഷകര്‍ക്ക് ശാസ്ത്രീയമായി മനസിലാക്കി കൊടുക്കുന്നതിന് വിദഗ്ദ സംഘത്തെ ഉള്‍പ്പെടുത്തി ശില്‍പ്പശാല സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കും. പ്രദേശത്തെ മണ്ണ് പരിശോധിക്കാനും നടപടിയുണ്ടാകും. യോഗത്തില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, വൈസ് പ്രസിഡന്റ് വി എ നസീര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി എന്‍ ജയശ്രീ, ജോണി വാളിയപ്ലാക്കല്‍, ഫാ. സഖറിയാസ് നെടുമല, റോയ് തെക്കേടത്ത്, മോഹനന്‍ മാസ്റ്റര്‍, ജോസ് വെണ്ണായിപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
നിര്‍ത്താതെ പെയ്ത മഴയില്‍ കൂടരഞ്ഞി പഞ്ചായത്തില്‍ 25 ഹെക്ടര്‍ സ്ഥലത്തെ ജാതി കൃഷിയാണ് നശിച്ചത്. 200 ഓളം കര്‍ഷകരെയാണ് ഇത് ബാധിച്ചത്. 20 ഹെക്ടര്‍ സ്ഥലത്തെ ഗ്രാമ്പൂ കൃഷിയും 150 ഹെക്ടര്‍ സ്ഥലത്തെ കൊക്കോയും നശിച്ചു. ശക്തമായ കാറ്റും കനത്ത മൂടല്‍ മഞ്ഞും സൂര്യപ്രകാശത്തിന്റെ കുറവും 20 ഡിഗ്രിയില്‍ താഴെയുള്ള താപനിലയും കനത്ത ആര്‍ദ്രതയും ചെയികളുടെ സ്വാഭാവിക വളര്‍ച്ചയെയും നിലനില്‍പ്പിനെയും ബാധിച്ചതായി ഐഐഎസ്ആറിലെ ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തതായി കൃഷി വകുപ്പ് അധികൃതര്‍ മന്ത്രിയെ അറിയിച്ചു.