കുട്ടികളുടെ ജീവിത വിജയത്തിന് മാധ്യമങ്ങള്‍ക്ക് എന്ത് പങ്ക് വഹിക്കാനാകുമെന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം – മന്ത്രി കെ. രാജന്‍
*ബാലാവകാശ നിയമവും ശിശു സൗഹൃദ മാധ്യമ പ്രവര്‍ത്തനവും; മധ്യമേഖല ദ്വിദിന ശില്‍പശാലയ്ക്ക് തൃശ്ശൂരില്‍ തുടക്കം
പരീക്ഷകളിലല്ല ജീവിതത്തില്‍ എ പ്ലസ് കരസ്ഥമാക്കുന്നതിന് കുട്ടികളെ പ്രാപ്തമാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇതിനായി മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എന്ത് പങ്ക് വഹിക്കാനാകുമെന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ പീച്ചി കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മധ്യമേഖല ജില്ലകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി കേരള മീഡിയ അക്കാദമിയുടെയും യൂണിസെഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സഹകരണത്തോടെ നടത്തുന്ന ‘ബാലാവകാശ നിയമവും ശിശു സൗഹൃദ മാധ്യമ പ്രവര്‍ത്തനവും’ ദ്വിദിന മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെ വാര്‍ത്തകളില്‍ പരാമര്‍ശിക്കുമ്പോഴും വാര്‍ത്തകള്‍ക്കായി കുട്ടികളെ സമീപിക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച് അന്തര്‍ദേശീയ തലങ്ങളില്‍ തന്നെ അംഗീകരിക്കപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പലപ്പോഴും വീഴ്ച സംഭവിക്കുന്നു.
ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകമായി ബാലാവകാശത്തെയും
ബാലനീതിയെയും വ്യാജ വാര്‍ത്ത നിര്‍മ്മിതിയെയും കുറിച്ച് മീഡിയ അക്കാദമിയും യൂണിസെഫും ഒരുക്കിയ മാധ്യമ ശില്‍പശാലകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
എന്തും കമ്പോളവല്‍ക്കരിക്കപ്പെടുന്ന ഈ കാലത്ത് മാധ്യമങ്ങളെയും ആ പ്രവണത ബാധിക്കുന്നുവെന്നത് ഗുരുതരമായ സ്ഥിതിയാണ്. ഗുണപരമായ മാധ്യമ പ്രവര്‍ത്തനം ഉറപ്പ് വരുത്താനാകണം. സംഘടിതമായ ആത്മസമര്‍പ്പണത്തിലൂടെയും ആശയാദിഷ്ഠിത സമീപനത്തിലൂടെയും നമുക്കത് സാധ്യമാക്കാനാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
നിര്‍ഭയത്തോടെ ചോദ്യം ചെയ്യാനുള്ള കുട്ടികളുടെ നൈസര്‍ഗ്ഗിക ശേഷികളെ പരിപോഷിപ്പിക്കാന്‍ സമൂഹത്തിനാകണം. മാനവിക മൂല്യങ്ങളില്‍ ഊന്നി ബാലാവകാശം സംരക്ഷിച്ചു കൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനത്തില്‍ പുതിയ ദിശകള്‍ കണ്ടെത്താനാകണമെന്നും പൊതുസമൂഹ്യമദ്ധ്യേ ഗുണകരമായി അവതരിപ്പികാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധക്കെടുതികള്‍ക്കും വറുതികള്‍ക്കും ഇരകളാകുന്നത് നിഷ്‌കളങ്കരായ കുരുന്നുകളാണ്. ഇതാണ് മാധ്യമങ്ങളിലുടെ പലസ്തീനിലെ കുരുന്നുകളുടെ മനംമടുക്കുന്ന ദുരിത കാഴ്ചകളായി ദിവസവും നമ്മിലേക്കെത്തുന്നത്.
ബാലവകാശനയത്തിന്റെ അടിസ്ഥാനത്തില്‍ ലോകോത്തര വിദ്യാഭ്യാസ നല്‍കാവുന്ന നിലയിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യത്‌നത്തിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വിദ്യാലയം പോലും അടച്ചു പൂട്ടുന്ന സ്ഥിതി സംസ്ഥാനത്തുണ്ടാവില്ലെന്നതാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്നത്.
വിവര സാങ്കേതിക വിദ്യയുടെ വിസ്മയകരമായ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്തേണ്ടത് മാനവിക മൂല്യങ്ങളില്‍ ഊന്നികൊണ്ടാകണം. വിത്തെറിഞ്ഞാല്‍ മുളക്കാത്ത സൈബര്‍ ലോകത്തെക്കുറിച്ചുള്ള കവിപരാമര്‍ശങ്ങള്‍ ഓര്‍മ്മയില്‍ വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സഹജീവി സ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും ജനിപ്പിക്കാവുന്ന ഗുണകരമായ വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കുന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. വിദ്യാഭ്യാസ യത്‌നങ്ങള്‍ കെട്ടിട നവീകരണത്തിലും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലും മാത്രം ഒതുങ്ങി പോകുന്ന സ്ഥിതി ഉണ്ടാകരുത്. ഭൗതിക സൗകര്യ വികസനമല്ല, അക്കാദമിക മാസ്റ്റര്‍ പ്ലാനാണ് യജ്ഞത്തിന്റെ കാതലെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌ക്കര്‍, വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, യൂണിസെഫ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ബേബി അരുണ്‍, കെ യു ഡബ്ല്യു ജെ പ്രസിഡന്റ് എം വി വിനീത, തൃശ്ശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഒ രാധിക, സെക്രട്ടറി പോള്‍മാത്യു, ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു എന്നിവര്‍ പങ്കെടുത്തു.