ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസങ്ങള്‍ നേരിടാത്ത വിധം പുരോഗമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചേംബറില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ മണ്ഡലകാലം കണക്കിലെടുത്ത് നിര്‍മാണപ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായി. പുനലൂര്‍ -കുളത്തൂപ്പുഴ റോഡില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം, ഗതാഗതത്തിന് ഭീഷണിയാകുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നുമുള്ള പി എസ് സുപാല്‍ എം എല്‍ എ യുടെ ആവശ്യം അംഗീകരിച്ചു. ഇടമണ്‍ -പുനലൂര്‍ റൂട്ടില്‍ 11.5 കിലോമീറ്റര്‍ ബൈപാസ്സ് നിര്‍മാണവും നടത്തും. ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലങ്ങള്‍ ബന്ധപ്പെട്ടവര്‍ ഡിസംബര്‍ 15നകം വിട്ടുനല്‍കണമെന്ന് നിര്‍ദേശം നല്‍കി.
ദേശീയപാത വിഭാഗം സ്‌പെഷ്യല്‍ ഡെപ്യുട്ടി കലക്ടര്‍ സുരേഷ് ബാബു, പ്രൊജക്റ്റ് ഡയറക്ടര്‍ ദേവ പ്രസാദ് സാഹു, ലൈസന്‍ ഓഫീസര്‍ എം കെ റഹ്മാന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.