മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ എത്തിയത് പതിനായിരങ്ങള്‍
ഉദുമ മണ്ഡലം നവകേരള സദസ്സ് സാക്ഷിയായത് ഇതുവരെ കാണാത്ത ജനസദസ്സ്. ഉദുമ മണ്ഡലം നവകേരള സദസ്സിന് വേദിയായ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന വ്യക്തികള്‍, ഭിന്നശേഷിക്കാര്‍, യുവജനങ്ങള്‍ എന്നിങ്ങനെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ എത്തിയത് പതിനായിരങ്ങള്‍. നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.
വാദ്യമേളത്തോടുകൂടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വരവേല്‍പ്പ്
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉദുമ മണ്ഡലം നവ കേരളസദസ്സിന്റെ വേദി വരവേറ്റത്. ബസില്‍ നിന്നുമിറങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തുകൊണ്ടാണു വേദിയിലേക്കു കയറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, കെ.രാജന്‍, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, ആന്റണി രാജു, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവന്‍കുട്ടി, എം.ബി.രാജേഷ്, ജി.ആര്‍.അനില്‍, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുറഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു, സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ മണ്ഡലത്തിലെ ജനപ്രതിനിധികള്‍, സംഘാടക സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ചത് 3733 പരാതികള്‍
ഉദുമ നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പരാതികള്‍ സ്വീകരിക്കാന്‍ സജ്ജമാക്കിയത് 20 കൗണ്ടറുകള്‍. 3733 പരാതികള്‍ ലഭിച്ചു. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ചു തുടങ്ങി. മുഴുവന്‍ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കാന്‍ പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തദ്ദേശ റോഡ് വികസനം ഉള്‍പ്പെടെയുള്ള പൊതു പരാതികളും ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍, ഭൂമി പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്. എല്ലാ പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്‍കി. പരാതി തീര്‍പ്പാകുന്ന മുറയ്ക്ക് തപാലില്‍ അറിയിക്കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി അപ്ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി.
വേദി കീഴടക്കി ‘ പ്രസീത ചാലക്കുടിയും സംഘവും
ഉദുമ മണ്ഡലം നവകേരള സദസ്സിന്റെ വേദി പാടിയും ആടിയും വര്‍ത്തമാനം പറഞ്ഞും കീഴടക്കി പ്രസീത ചാലക്കുടിയും സംഘവും. തോറ്റംപാട്ടോടുകൂടിയാണ് തൃശൂര്‍ മ്യൂസിക് ബാന്‍ഡ് നയിച്ച കലാവിരുന്ന് ആരംഭിച്ചത്. പരിപാടി ആരംഭിച്ച് നിമിഷനേരം കൊണ്ട് തന്നെ കാണികളെ മുഴുവന്‍ ആവേശക്കൊടുമുടിയില്‍ എത്തിക്കാന്‍ സംഘത്തിനായി. മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ച എക്കാലത്തെയും മികച്ച നാടന്‍ പാട്ടുകള്‍ മുതല്‍ സൂപ്പര്‍ ഹിറ്റായ സിനിമാ ഗാനങ്ങള്‍ വരെ കോര്‍ത്തിണക്കി സംഘം അവതരിപ്പിച്ചു. കലാഭവന്‍ മണിയുടെ ഇഷ്ട ഗാനങ്ങളും ജനാവലിയുടെ മനസു നിറച്ചു.
നാടന്‍ പാട്ടുമേള കയ്യടക്കിയപ്പോള്‍ ആവേശ നൃത്തച്ചുവടുകളുമായി പിന്തുണ നല്‍കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആസ്വാദകര്‍ മത്സരിച്ചു.
പ്രായഭേദമെന്യേ വന്‍ ജനാവലിയാണ് പരിപാടി ആസ്വദിച്ചത്.
ഉദുമ മണ്ഡലം നവ കേരള സദസ്സ്; മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി രണ്ട് സന്മനസ്സുകള്‍ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറി
അഡ്വ.എ.ജി.നായര്‍, ആലീസ് ജോസഫ് എന്നിവരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിനിര അനുമോദിച്ചു
പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നത്തിന് സാക്ഷത്കാരമേകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയായ ‘മനസ്സോടിത്തിരി മണ്ണ് പദ്ധതിയില്‍ സ്ഥലം വിട്ടു നല്‍കിയ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ബേത്തൂര്‍ പാറയിലെ അഡ്വ.എ.ജി.നായര്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കൊട്ടോടിയിലെ ആലീസ് ജോസഫ് എന്നിവര്‍ മാതൃകയായി. സ്ഥലത്തിന്റെ രേഖകള്‍ ഉദുമ മണ്ഡലം നവകേരള സദസ്സിന്റെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അഡ്വ.എ.ജി.നായര്‍ കുറ്റിക്കോല്‍ വില്ലേജിലെ 2179120 സര്‍വ്വേ നമ്പറില്‍പ്പെട്ട ബേത്തൂര്‍ പാറ എന്ന സ്ഥലത്തെ ഒരേക്കര്‍ ഭൂമിയാണ് സൗജന്യമായി നല്‍കിയത്. ആലീസ് ജോസഫ്, മുന്നാട് വില്ലേജിലെ 749/111546 സര്‍വേ നമ്പറില്‍പ്പെട്ട പുലിക്കോട് എന്ന സ്ഥലത്തെ 60 സെന്റ് ഭൂമിയാണ് പദ്ധതിക്കായി കൈമാറിയത്. നിലവില്‍ ജില്ലയില്‍ ലൈഫ് പദ്ധതിയില്‍ 14078 വീടുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 4773 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ 1383 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1283 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.