• ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് പൈവളിഗെ
  • ജനസാഗരമായി മഞ്ചേശ്വരം പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന്റെ തുടക്കം കുറിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരം. ജനസാഗരമായ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനനായകരെ കാണാന്‍ ജനസഞ്ചയങ്ങള്‍ പൈവളിഗെയിലേക്കൊഴുകി. തുളുമണ്ണിന്റെ സ്നേഹമറിയിച്ച് പരമ്പരാഗത വാദ്യോപകരണമായ കൊമ്പിന്റെ അകമ്പടിയോടെയാണ് മന്ത്രിമാരെ വേദിയിലേക്ക് ക്ഷണിച്ചത്. തുളുനാടന്‍ തൊപ്പിയും കാസര്‍കോടിന്റെ തനത് ഉത്പന്നങ്ങളടങ്ങിയ ബാഗും കൈമാറിയാണ് മന്ത്രിമാരെ സ്വാഗതം ചെയ്തത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാക്കുകള്‍ ശ്രവിച്ച് കരഘോഷം മുഴക്കിയും ആര്‍പ്പ് വിളിച്ചും മഞ്ചേശ്വരം സ്നേഹം അറിയിച്ചു.

കന്നഡ തുളു സിനിമാ താരങ്ങളെ മുഖ്യമന്ത്രി ആദരിച്ചു. ദേശീയ അവാര്‍ഡ് ജേതാക്കളായ സന്തോഷ് മാട, രൂപ വോര്‍ക്കാടി, മറ്റ് താരങ്ങളായ ജെ.പി തുമിനാട്, രഘു ഭട്ട്, രവി വോര്‍ക്കാടി, രാജേഷ് ബന്തിയോട്, പുഷ്പാകര ബേക്കൂര്‍, രാധാകൃഷ്ണ് ബായിക്കട്ടെ, ബാലകൃഷ്ണ മഞ്ചേശ്വര, അനില്‍രാജ് ഉപ്പള, രമേഷ് ചന്ദ്ര എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും ആദരം ഏറ്റുവാങ്ങി.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് കാസര്‍കോട് ജില്ലയില്‍ വര്‍ണ്ണാഭമായ തുടക്കം. ഉദ്ഘാടന ചടങ്ങിന് മുമ്പായി പ്രാദേശിക കലാകാരന്മാര്‍ അണിനിരന്ന സംഗീത കലാ- വിരുന്ന് വേദിയില്‍ അരങ്ങേറി. ഇന്‍ചറ മെലഡീസ് മഞ്ചേശ്വരം മ്യൂസിക്ക് ബാന്‍ഡ് അവതരിപ്പിച്ച സംഗീത വിരുന്ന് സദസ്സിനെ ആവേശത്തിമിര്‍പ്പിലാക്കി. മലയാളം, കന്നഡ, തമിഴ്, തെലുഗ്, തുളു, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള ചലച്ചിത്രഗാനങ്ങളും നാടന്‍ പാട്ടുകളും നവകേരള സദസ്സ് വീക്ഷിക്കാനെത്തിയവര്‍ക്ക് ഹൃദ്യാനുഭവമായി. നവകേരള സദസ്സിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് അംഗങ്ങള്‍ അവതരിപ്പിച്ച സംഘനൃത്തം, നാട്യനിലയം ബാലകൃഷ്ണ മഞ്ചേശ്വരം ആന്റ് ടീം അവതരിപ്പിച്ച ഭരതനാട്യം, പ്രശസ്ത നാടന്‍ പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിച്ച നാടന്‍ പാട്ട് എന്നിവ അരങ്ങേറി.