സംസ്ഥാനത്തിന്റെ മനുഷ്യത്വ മുഖമുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന റവന്യു ഭവന നിര്‍മാണ് വകുപ്പു മന്ത്രി കെ. രാജന്‍. കഴിഞ്ഞ ഏഴര വര്‍ഷത്തോളമായി കേരള ജനതയെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ പുതിയ കാലത്തിനായി തയ്യാറെടുപ്പിച്ച് മുന്നോട്ടു പോവുയാണ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു. കാസര്‍കോ‍ട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ മേഖലയിലും വികസനം എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായി വിവിധ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. അതിനിടയില്‍ വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ സമയമില്ല. നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. 2025 നവംബര്‍ ഒന്നോടെ ഒരു അതിദരിദ്ര കുടുംബം പോലുമില്ലാത്ത സംസ്ഥാനമായി കേരളം മാറും. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ മൂന്നു ലക്ഷത്തോളം പേര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാറിനായി.

ജനങ്ങളെ കേള്‍ക്കാന്‍ മന്ത്രിസഭയാകെ എത്തിച്ചേരുന്ന നവകേരള സദസ്സ് കേരളത്തില്‍ പുതുചരിത്രം സൃഷ്ടിക്കും. സംസ്ഥാന വികസനത്തിന് തടയിടാന്‍ പല മാര്‍ഗങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോഴും കേരളം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. വിവേചനരഹിതമായ വികസനാനുഭവങ്ങള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാറിന്റെ വികസന നയമെന്ന് തുറമുഖം, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജനങ്ങളിലേക്കിറങ്ങിച്ചെന്നു കൊണ്ടുള്ളതും ജനാധിപത്യ നടപടിക്രമങ്ങളില്‍ ജനങ്ങളെ കൂടുതല്‍ പങ്കാളികളാക്കിക്കൊണ്ടുള്ളതുമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് നവകേരള സദസ്സിന് തുടക്കം കുറിച്ചതെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ്സോടെ സംസ്ഥാനത്ത് ഒരു പുതിയ സംസ്കാരത്തിന് തുടക്കമാവുകയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് സര്‍ക്കാര്‍. നവകേരള സദസ്സുമായി ബന്ധപ്പെട്ടുണ്ടാവുന്ന വിവാദങ്ങള്‍ രാഷ്ട്രീയമായി ഉടലെടുത്തത് മാത്രമാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സംസ്ഥാനത്തിന് സമസ്ത മേഖലകളിലും അതിശയകരമായ വളര്‍ച്ചയാണുണ്ടായതെന്ന് സംസ്ഥാന വനം, വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് പുതിയ ജനാധിപത്യ പ്രക്രിയയുടെ തുടക്കമാണ് നവകേരള സദസ്സെന്നും അദ്ദേഹം പറഞ്ഞു. ഉത്തരമലബാറിലെ വോള്‍ട്ടേജ് ക്ഷാമവും അടിക്കടിയുള്ള വൈദ്യുതി മുടക്കവും ഉടന്‍ തന്നെ പരിഹരിക്കുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി കാസര്‍കോട്ട് 105 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാര്‍ക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അടുത്ത ഘട്ടമായി 100 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ വ്യവസായ വാണിജ്യ വിപ്ലവം സൃഷ്ടിക്കാനുതകുന്ന പദ്ധതികള്‍ നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ സംസ്കാരവും പുതിയ മുഖവും നല്‍കാനുള്ള യാത്രയാണ് നവകേരള സദസ്സെന്ന് ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. ജനങ്ങളുടെ പിന്തുണയോടെ സംസ്ഥാന വികസനം ഇനിയും മുന്നോട്ടു പോവുമെന്നും മന്ത്രി പറഞ്ഞു.