ജില്ലയിലെ ആശാപ്രവര്‍ത്തകരുടെ സേവനം ഇനി ആയുഷ് മേഖലയിലും ലഭ്യമാക്കുന്നതിനുള്ള പരിശീലനത്തിന് തുടക്കമായി. ദേശീയ ആരോഗ്യ ദൗത്യത്തിന്റയും ദേശീയ ആയുഷ് ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ഡി എം ഒ (ആരോഗ്യം) ഡോ. മനോജ് എല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ഡി.പി.എം ഡോ: അനൂപ് എം.കെ അധ്യക്ഷത വഹിച്ചു.

ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ നിന്നും തെരഞ്ഞെടുത്ത 95 ആശമാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഒരു ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിന്റെ പരിധിയിലെ അഞ്ച് ആശമാര്‍ക്ക് വീതമാണ് ഇപ്പോള്‍ പരിശീലനം ലഭ്യമാക്കുന്നത്. അടുത്ത ബാച്ചിന്റെ പരിശീലനം പിന്നീട് നടക്കും.

ദേശീയ ആയുഷ് ദൗത്യം ഡി.പി.എം ഡോ. എം.എസ്. നൗഷാദ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയ്നി പി, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത ആര്‍ പുഷ്‌കരന്‍, ജില്ലാ ആശാ കോര്‍ഡിനേറ്റര്‍ അനില്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍, ആയുര്‍വേദം, ഹോമിയോ, യോഗ തുടങ്ങിയ വിവിധ വിഷയങ്ങളിലെ പരിശീലനത്തിന് ഡോ. എം.എസ്. നൗഷാദ്, ഡോ. കൃഷ്ണപ്രിയ, ഡോ. ജെറോം, ദീപു അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലനം ലഭിച്ച ആശമാര്‍ക്ക് നല്‍കുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.