ഒരു പുതിയ കേരളത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവും വാര്‍ത്തെടുത്ത് ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്–തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാര്‍ഷികപരിഷ്‌കരണമാണ് കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിയത്. ഭൂപരിഷ്‌കരണ ബില്ലും വിദ്യാഭ്യാസ പരിഷ്‌കരണവും നാടിന്റെ അലകും പിടിയും മാറ്റി. സാര്‍വ്വത്രിക വിദ്യാഭ്യാസം വലിയ തോതിലുള്ള പുരോഗതിയിലേക്ക് നയിച്ചു. ഇതെല്ലാം ചേര്‍ന്നു കേരള മോഡല്‍ എന്ന ശ്രദ്ധേയമായ വികസന മാതൃക ഉണ്ടായി. എന്നാല്‍ ഈ മാതൃകയ്ക്ക് കാലാനുസൃതമായ മാറ്റമില്ലാത്തതിനാല്‍ ആളുകള്‍, പ്രത്യേകിച്ചും യുവജനങ്ങള്‍ കടുത്ത നിരാശയിലായിരുന്നു. പ്രൊഫഷണല്‍ വിദ്യാര്‍ഥികളും നിരാശയില്‍ ആയിരുന്നു. ഇവ മുന്‍കൂട്ടി തിരിച്ചറിഞ്ഞു പരിഹാരനിര്‍ദേശങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് ഏഴു വര്‍ഷം മുന്‍പ് അധികാരത്തില്‍ വന്നത്. ഓരോ വര്‍ഷവും പ്രോഗ്രസ്സ് റിപ്പോര്‍ട്ടുമായി ജനങ്ങളെ സമീപിച്ച സര്‍ക്കാര്‍.
നാടിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങികൊടുക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി. നമുക്ക് അതിജീവിച്ചേ മതിയാകൂ. നമുക്ക് മുന്നോട്ടു പോകണം. ഇത്തരം കാര്യങ്ങള്‍ ജനത്തെ അറിയിക്കുക എന്നത് കൂടി ഉദ്ദേശിച്ചാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. നവകേരള സദസ്സ് പൂര്‍ത്തിയായ കാസര്‍കോട്ടെ എല്ലാ സ്ഥലത്തും ജനസഞ്ചയമാണ് തടിച്ചുകൂടിയത്. ‘നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പൊയ്‌ക്കോ. ഞങ്ങള്‍ ഒപ്പമുണ്ട്,’ എന്നാണ് ജനങ്ങള്‍ നല്‍കുന്ന സന്ദേശം–മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.