മാനന്തവാടി താലൂക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2004-2005 വര്‍ഷത്തെ വീടില്ലാത്തവര്‍ക്കുള്ള പുനരധിവാസ പദ്ധതി പ്രകാരം പതിനഞ്ചോളം ഗുണഭോക്താക്കള്‍ക്ക് സ്ഥലം ഏറ്റെടുത്തു നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2004-2005 വര്‍ഷത്തെ സ്ഥലം വാങ്ങി നല്‍കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ സ്ഥലവുമായ് ബന്ധപ്പെട്ട് പതിനഞ്ചോളം ഉപഭോക്താക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പി.ടി പ്രകാശന്‍ വിഷയത്തില്‍ ഇടപെടുകയും സ്ഥലം മാറ്റി വാങ്ങി നല്‍കുന്നതിനുവേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

തുടര്‍ നടപടികളുടെ ഭാഗമായി ചെറുകാട്ടൂര്‍ വില്ലേജിലെ കുപ്പത്തോട് പ്രദേശത്ത് മൂന്നര സെന്റ് വീതം സ്ഥലം 15 ഗുണഭോക്താക്കള്‍ക്കായി ഏറ്റെടുത്ത് നല്‍കി. ഇതിന് പുറമെ റോഡിനും പൊതു കിണറിനുമുള്ള സ്ഥലം കൂടി നല്‍കി. ഏറ്റെടുക്കല്‍ ചടങ്ങില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും സ്‌പെഷ്യല്‍ കോര്‍ട്ട് ജില്ലാ ജഡ്ജിയുമായ പി.ടി പ്രകാശന്‍, സെക്രട്ടറി ആര്‍ നവാസ്, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, മാനന്തവാടി, പനമരം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍മാര്‍, ട്രൈബല്‍ വകുപ്പ് ഓഫീസര്‍മാര്‍, പനമരം വില്ലേജ് ഓഫീസര്‍, ചെറുകാട്ടൂര്‍ വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.