നവകേരള സദസ്സിന്റെ മുന്നോടിയായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ഒരുക്കിയ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് രുചി വൈവിധ്യത്തിന്റെ കലവറയായി മാറുകയാണ്. കാലങ്ങളായി രാത്രികാലങ്ങളില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ രുചിയുടെ ലോകം തീര്‍ക്കുന്ന വയനാടന്‍ തട്ടുകട സംഘമാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. നവകേരള സദസ്സിന്റെ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ് തട്ടുകടയിലെ നളന്‍ മാര്‍ ഭക്ഷണ വിരുന്ന് ഒരുക്കിയപ്പോള്‍ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിന്റെ രുചിയറിയാന്‍ ഒ.ആര്‍ കേളു എം.എല്‍.എയും എത്തി.
ചൂടുള്ള കട്ടന്‍ ചായയും പത്തിരിയും കഴിച്ചാണ് എം.എല്‍.എ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിന് തുടക്കമിട്ടത്. സ്‌പെഷ്യല്‍ വെജിറ്റബിള്‍ ബിരിയാണി, പത്തിരി, വെള്ളയപ്പം, ചിക്കന്‍ വിഭവങ്ങള്‍ തുടങ്ങിയ ഇനങ്ങളാണ് ഒന്നാം ദിവസത്തെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിന്റെ തീന്‍ മേശയില്‍ സ്ഥാനം പിടിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ തുടങ്ങിയവര്‍ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റില്‍ പങ്കാളികളായി. രാത്രി 7 മണിക്ക് തുടങ്ങിയ ഫുഡ് ഫെസ്റ്റിന്റെ രുചിയറിയാന്‍ ജനപ്രതിനിധികളും സഞ്ചാരികളും സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. 3 ദിവസങ്ങളിലായിട്ടാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.