തെളിവെടുപ്പിന് ഇനി മുതൽ ഹൈബ്രിഡ് സംവിധാനം

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും അവർ നൽകുന്ന സേവനങ്ങളും നിലവിലുള്ള ഫയലുകൾ,ഉത്തരവുകൾ, സർക്കുലറുകൾ തുടങ്ങിയ വിവരങ്ങളും എല്ലാവർക്കും ഏതു നേരവും നെറ്റിലൂടെ ലഭ്യമാകാൻ ഉദ്യോഗസ്ഥർ സ്വയം പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.എ ഹക്കീം നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം . സർക്കാർ ഓഫീസിൽ സ്ഥിരമായുള്ള വിവരങ്ങൾ പൊതുജനങ്ങൾ ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കാതെ ഓൺലൈനായി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഗസ്റ്റ് ഹൗസിൽ  നടത്തിയ തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ കമ്മീഷൻ തെളിവെടുപ്പിന് പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പിൽ നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് ഓൺലൈനായോ നവമാധ്യമ സംവിധാനങ്ങൾ വഴിയോ വീഡിയോ കോൺഫറൻസിലൂടെയോ പങ്കെടുക്കാൻ അവസരം നൽകുകയാണ് ലക്ഷ്യം. ഓരോ ഹിയറിംഗിനുമുമ്പും ബന്ധപ്പെടാനുള്ള ലിങ്ക് അറിയിക്കും. ഡിസംബർ 31 നകം ഈ സംവിധാനം പൂർണ്ണതോതിൽ നിലവിൽ വരും. കമ്മിഷൻ ആരംഭിച്ചിട്ടുള്ള ആർ.ടി.ഐ. പോർട്ടൽ വഴി രണ്ടാം അപ്പീലും പരാതി ഹരജികളും ഫീസില്ലാതെ സമർപ്പിക്കാമെന്നും കമ്മിഷണർ അറിയിച്ചു.

ഓരോ ഓഫീസിലെയും വിവരാവാകാശ ഓഫീസർമാരുടെയും ഒന്നാം അപ്പീലധികാരികളുടെയും പേരും ഔദ്യോഗിക വിലാസവും ഇ മെയിൽ ഐ.ഡിയുമുൾപ്പെടെയുള്ള വിവരങ്ങൾ സംസ്ഥാന വിവരാവകാശക്കമ്മീഷന് 15 ദിവസത്തിനകം ഓൺലൈനായി കൈമാറണം. ഇതിന്റെ പകർപ്പ് പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറിക്കും ലഭ്യമാക്കണമെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. വിവരാവകാശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ സ്ഥലം മാറി പോകുമ്പോൾ ആ കാര്യവും പുതിയ ഓഫീസറുടെ വിവരവും അതത് സമയം കമ്മിഷനെ അറിയിക്കണമെന്നും കമ്മിഷണർ നിർദ്ദേശിച്ചു

പൊതുജനങ്ങളും സർക്കാർ ഉദ്യോഗസ്ഥരും വിവരാവകാശനിയമം നടപ്പാക്കുന്നതിൽ  സൗഹൃദ സമീപനം സ്വീകരിക്കണം. വിവരാവകാശ നിയമപ്രകാരം മറുപടി നൽകുന്ന കാര്യത്തിൽ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകണം. മിക്ക ഓഫീസുകളിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ നൽകാതെ 30 ദിവസം കഴിയാൻ കാത്തുനിൽക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. അപേക്ഷ ലഭിച്ചാൽ ലഭ്യമായ വിവരങ്ങൾ എത്രയും വേഗം നൽകണം.

വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ചില അപേക്ഷകർക്കുണ്ടെന്നും ഇത് കമ്മീഷൻ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമത്തെ ഉദ്യോഗസ്ഥരുടെ സമയം ദുർവിനിയോഗം ചെയ്യാനുള്ള ഉപാധിയായി കാണാതെ പൊതുജനങ്ങൾ ഗുണപ്രദമായി പ്രയോജനപ്പെടുത്തണമെന്നും കമ്മീഷണർ അഭ്യർത്ഥിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇടുക്കി ജില്ലയിൽ നടത്തിയ തെളിവെടുപ്പിൽ വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും അപ്പീൽ ഹർജിക്കാരും പങ്കെടുത്തു. ഒമ്പത് ഫയലുകളാണ് കമ്മീഷൻ പരിഗണിച്ചത്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ കട്ടപ്പന നഗരസഭയിൽ നിന്ന് കൃത്യമായ മറുപടി നൽകാതെ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെട്ടതായ പരാതിയിൽ ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകും.പൈനാവ് എം.ആർ.എസ് സ്‌കൂളിലെ മുൻ ജീവനക്കാരിയുടെ പരാതി, ദേവികുളം സപ്ലൈ ഓഫീസ് ആവശ്യമായ അന്വേഷണം നടത്താതെ പരേതന്റെ പേരിൽ മൂന്ന് മാസത്തിന് ശേഷം റേഷൻകാർഡിൽ പേര് ചേർത്ത  സംഭവം തുടങ്ങിയവയിൽ കർശന നടപടിക്കും കമ്മീഷൻ ശുപാർശ ചെയ്തു.