കായിക മത്സരങ്ങള്‍ മനുഷ്യരെ ഒന്നിപ്പിക്കുമെന്ന് എംപി അബ്ദുസമദ് സമദാനി എംപി. ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് കായിക മേഖല. മനുഷ്യര്‍ക്കിടയിലെ വേര്‍ത്തിരിവ് ഇല്ലാതാക്കാന്‍ കായിക മത്സരങ്ങള്‍ സഹായകമാവും. ശാരീരിക-മാനസിക ആരോഗ്യത്തിന് സ്‌പോര്‍ട്‌സ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കോഡിനേറ്റര്‍ സെബിന്‍ പൗലോസ് വിഷയമവതരിപ്പിച്ചു. സംസ്ഥാന  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി മുഖ്യാതിഥിയായി.

സംസ്ഥാനത്തിന്റെ സമഗ്രകായിക വികസനം ലക്ഷ്യമിട്ട് 2024 ജനുവരിയില്‍ നടത്തുന്ന ‘ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള 2024’  ന്റെ ഭാഗമായാണ് ജില്ലാ സമ്മിറ്റ് സംഘടിപ്പിച്ചത്. സ്പോര്‍ട്സ് നയം, സ്പോര്‍ട്സ് സമ്പദ്വ്യവസ്ഥ എന്നിവയുടെ അവതരണവും ജില്ലയില്‍ നടപ്പാക്കേണ്ട കായിക പദ്ധതികളുടെ പ്രാഥമിക രൂപരേഖ തയാറാക്കല്‍ സംബന്ധിച്ചു കൂടിയാലോചനയും സമ്മിറ്റില്‍ നടന്നു.  തദ്ദേശഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ദേശീയ-അന്തര്‍ദേശിയ കായിക താരങ്ങള്‍, പരിശീലകര്‍, കായിക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വകുപ്പു മേധാവികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ പങ്കുവെച്ചു.

തദ്ദേശസ്ഥാപനങ്ങളില്‍ വിവിധ പദ്ധതികള്‍ സമ്മിറ്റിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും ഒരു പദ്ധതികളെങ്കിലും സമ്മിറ്റിന്റെ ഭാഗമായി നടപ്പാക്കും. ഗ്രൗണ്ടുകള്‍, ടൂര്‍ണമെന്റുകള്‍, ഗ്രാമീണ കായിക വിനോദങ്ങളുടെ പ്രോത്സാഹിപ്പിക്കല്‍, നീന്തല്‍ പരിശീലനം, ആയോധനകല പരിശീലനം തുടങ്ങിയവ പഞ്ചായത്തുകള്‍ക്ക് നടപ്പാക്കാം. ടൂറിസം, വ്യവസായം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സാമ്പത്തിക വളര്‍ച്ചക്കും കാരണമാകും. സ്വകാര്യ പങ്കാളിത്തവും പദ്ധതി വിഹിതവും എംപി, എംഎല്‍എ ഫണ്ടുകളും പദ്ധതിക്കായി ഉപയോഗപ്പെടുത്തും.

എംഎസ്പി അസി. കമാന്‍ഡന്റ് ഹബീബ് റഹ്‌മാന്‍, സ്‌പോര്‍ട്‌സ് കേരള ഡയറക്ടര്‍ ആഷിക് കൈനിക്കര, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിപി അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ കെ മനോഹരകുമാര്‍, പി ഹൃഷികേഷ് കുമാര്‍, സി സുരേഷ്, കെ അബ്ദുല്‍ നാസര്‍, കെ വത്സല, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി ആര്‍ അര്‍ജുന്‍, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷര്‍, കായിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.