• ഓരോ സദസ്സിലും 20 കൗണ്ടറുകൾ വീതം സജ്ജമാക്കും
  • കൗണ്ടറുകളിൽ വളണ്ടിയർമാരുടെ സേവനം
  • മുഴുവൻ പരാതികളും സ്വീകരിക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സിൽ പരാതികൾ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തും. പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളാണ് ഓരോ സദസ്സിലും ഒരുക്കുന്നത്. 15 ജനറൽ കൗണ്ടറുകളും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും രണ്ട് വീതം കൗണ്ടറുകളും ഭിന്നശേഷിക്കാർക്ക് ഒരു കൗണ്ടറും വീതമാണ് സജ്ജീകരിക്കുക. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങുകയും അവസാന പരാതിയും സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുകയുള്ളു.

കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരാതിക്കാരെ സഹായിക്കുന്നതിനുമായി മതിയായ പരിശീലനം നൽകിയ എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ് വിദ്യാർഥികളെയും ട്രോമാ കെയർ, സിവിൽ വളണ്ടിയർ തുടങ്ങിയ സന്നദ്ധ സംഘടനയിലെ അംഗങ്ങളെയും വളണ്ടിയർമാരായ നിയോഗിച്ചിട്ടുണ്ട്. ഓരോ കൗണ്ടറുകളിലും പരാതിക്കാരുടെ ക്രമ നമ്പർ വ്യത്യസ്തങ്ങളായി ക്രമീകരിച്ച് ഇരിപ്പും ആശയക്കുഴപ്പവും ഒഴിവാക്കും. മുതിർന്ന പൗരന്മാരും വിഭിന്നശേഷിയുള്ളവരും പരാതി നൽകുന്നതിനായി എത്തുന്ന കൗണ്ടറുകളിൽ കൂടുതല്‍ ശ്രദ്ധ പുലർത്തും. പരാതി നൽകുന്നവർ പൂർണമായ മേൽവിലാസം, ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ എന്നിവ നൽകിയിരിക്കണം. ഓരോ പരാതി സ്വീകരിച്ച ശേഷം സർക്കാർ ഉത്തരവു പ്രകാരമുള്ള മാതൃകയിൽ കൈപ്പറ്റ് രസീത് നൽകും. ഇത് ഉപയോഗിച്ചാണ് പരാതിയിന്മേൽ സ്വീകരിച്ച തുടർനടപടികൾ അറിയാനാവുക.കൗണ്ടറുകളുടെ പ്രവർത്തനം അവസാനിച്ച ഉടൻ തന്നെ ഓരോ കൗണ്ടറുകളിലും ലഭിച്ച പരാതികൾ എണ്ണി തിട്ടപ്പെടുത്തി, രജിസ്റ്ററുകളുമായി ഒത്തുനോക്കി സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ജനറൽ, ആകെ എന്നിങ്ങനെ സ്ഥിതി വിവരകണക്ക് തയ്യാറാക്കി രജിസ്റ്ററുകളും പരാതികളും നോഡൽ ഓഫീസർമാർ ബന്ധപ്പെട്ട താലൂക്കിലെ ഭൂരേഖ തഹസിൽദാർമാർക്ക് കൈമാറുകയും ചെയ്യും. ഭൂരേഖ തഹസിൽദാർമാർക്കാണ് ഡാറ്റാ എൻട്രി നടത്തി ബന്ധപ്പെട്ട പോർട്ടലിൽ പരാതികൾ അപ്‍ലോഡ് ചെയ്യേണ്ട പൂർണ്ണ ചുമതല.

താലൂക്ക് ഐടി കോ-ഓർഡിനേറ്റർമാർ പരിശീലനം നൽകിയ ഉദ്യോഗസ്ഥർമാരാണ് ഡാറ്റാ എൻട്രി നടത്തി പോർട്ടലിൽ പരാതികൾ അപ്‍ലോഡ് ചെയ്യുക. ഡാറ്റാ എൻട്രി മുഴുവനായി പൂർത്തീകരിച്ച ശേഷം പരാതികളും രജിസ്റ്ററുകളും കളക്ടറേറ്റിലെ പി.ജി.ആർ സെല്ലിലേക്ക് കൈമാറും. ഇവ തുടർനടപടിയ്ക്കായി ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർക്ക് പോർട്ടലിലൂടെ കൈമാറും. പരാതികൾ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥർ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ അന്തിമ തീരുമാനം കൈക്കൊണ്ട് പരാതിക്കാർക്ക് വിശദമായ മറുപടി നൽകി അത് പോർട്ടലിൽ അപ്‍ലോഡ്  ചെയ്ത് തീർപ്പാക്കും.

കൂടുതൽ നടപടിക്രമങ്ങൾ ആവശ്യമുള്ളതും തീർപ്പാക്കുന്നതിന് കൂടുതൽ സമയം ആവശ്യമായിട്ടുള്ളതുമായ പരാതികളുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകും. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയമാണെങ്കിൽ പരാതി പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. അത്തരം സാഹചര്യങ്ങളിൽ പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കും. ഇതോടൊപ്പം മറുപടികൾ തപാലിലൂടെയും നൽകും.നിവേദനങ്ങളുടെയും പരാതികളുടെയും തൽസ്ഥിതി www.navakeralasadas.kerala.gov.in എന്ന വൈബ‍്സൈറ്റിലൂടെ ലഭിക്കും.