വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 25, 26,ഡിസംബർ 2, 3 ദിവസങ്ങളിലാണ് ക്യാമ്പയിനുകള്‍ നടക്കുക. എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കുവാന്‍ അവസരമുണ്ടാകും. പരിശോധനയില്‍ ഒഴിവാക്കപ്പെട്ടതായി കണ്ടാല്‍ അര്‍ഹരെങ്കില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുവേണ്ട സഹായം ലഭ്യമാകുന്നതാണ്. കൂടാതെ 17 വയസ്സ് പൂര്‍ത്തിയായ യുവജനങ്ങള്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍, ബൂത്ത് മാറ്റം, ആധാര്‍കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സഹായവും ക്യാമ്പയിനുകളില്‍ ലഭ്യമാകുന്നതാണ്.

ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ 2024 ജനുവരി 5 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും voters.eci.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ, നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോർജ്ജ് അറിയിച്ചു.