ജില്ലയുടെ വികസന പ്രശ്നങ്ങളും അവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും ചര്‍ച്ച ചെയ്യാനായി മൂന്ന് പ്രഭാത സദസ്സുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പ്രത്യേകം ക്ഷണിതാക്കളായി ജില്ലയിലെ പൗരപ്രമുഖരും മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നേതാക്കളുമാണ് പ്രഭാത സദസ്സുകളില്‍ പങ്കെടുക്കുക. ഇവരുമായി സംവദിക്കുകയും അതു വഴി സര്‍ക്കാറിന്റെ വികസന നയ രൂപീകരണത്തിലേക്ക് വിവിധ തുറകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയുമാണ് പ്രഭാത സദസ്സിന്റെ ലക്ഷ്യം.

നവംബർ 27 ന് രാവിലെ ഒമ്പതു മണിക്ക് തിരൂർ ബിയാൻകോ കാസിലിലാണ് ജില്ലയിലെ ആദ്യ പ്രഭാത സദസ്സ് നടക്കുക. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിലുള്ളവരാണ് തിരൂരിൽ നടക്കുന്ന പ്രഭാത സദസ്സിൽ പങ്കെടുക്കുക. പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ-യുവജന-വിദ്യാർത്ഥി വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

നവംബർ 29ന് രാവിലെ ഒമ്പതിനാണ് ജില്ലയിലെ രണ്ടാമത്തെ പ്രഭാത സദസ്സ് നടക്കുക. മലപ്പുറം വുഡ്‌ബൈൻ ഹോട്ടലിൽ നടക്കുന്ന സദസ്സിൽ മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ പങ്കെടുക്കും. നവംബർ 30ന് രാവിലെ ഒമ്പതിന് പൊന്ന്യാകുറിശ്ശി ശിഫാ കൺവെൻഷൻ സെൻററിൽ പ്രഭാത സദസ്സ് നടക്കും. മങ്കട, പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ പങ്കെടുക്കും.