ആഗോളതാപനം കുറയ്ക്കുന്നതിന് നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച ‘അതിജീവനത്തിനായി ചെറുവനങ്ങള്‍’ എന്ന ആശയത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ‘പച്ചത്തുരുത്തുകള്‍’. സംസ്ഥാനത്ത് ഇതുവരെയായി 1077 ഏക്കറില്‍ 2762 പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ച് സംരക്ഷിച്ചുവരുന്നു. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘ഗ്രീന്‍ കേരള മിഷന്‍’ – വംശനാശഭീഷണി നേരിടുന്ന വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന പ്രവര്‍ത്തനം കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തിട്ടുണ്ട്.

ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് ഹരിതകേരളം മിഷനും, എം.ജി.എന്‍.ആര്‍.ഇ.ജി.എസും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി കെ.എഫ്.ആര്‍.ഐ ഉല്‍പ്പാദിപ്പിക്കുന്ന വംശനാശ ഭീഷണി നേരിടുന്നതും ഐ.യു.സി.എന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതുമായ വൃക്ഷത്തൈകള്‍, ജില്ലയിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് എന്‍.എസ്.എസിന്റെയും മറ്റ് സംഘടനകളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. കെ.എഫ്.ആര്‍.ഐ സയന്റിസ്റ്റ് ഡോ. എം. ഭീമ ലിംഗപ്പ പദ്ധദി വിശദീകരണം നടത്തി.

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി. ഷീല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിനി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. ബിജു, അവണൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക സ്വാഗതവും തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അസി. പ്രൊഫസര്‍ ആന്റ് നോഡല്‍ ഓഫിസര്‍ പി.എസ്. ജയകുമാര്‍ നന്ദിയും പറഞ്ഞു.