മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്ത് കേരളം ഒരു ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എടപ്പാള്‍ സഫാരി പാര്‍ക്ക് മൈതാനത്ത് നടന്ന തവനൂര്‍ മണ്ഡലം നവകേരള സദസ്സില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുന്ന ചെയ്തികള്‍ ഉണ്ടാകുമ്പോള്‍ കേരളമാണ് അതിനെതിരെ ആദ്യം രംഗത്തു വരുന്നത്. വ്യക്തികളുടെ അവകാശത്തിനകത്ത് കൈകടത്തലുകള്‍ ഉണ്ടായപ്പോള്‍ വ്യക്തതയാര്‍ന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേരളം സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതി നടപ്പാക്കാന്‍ കഴിയില്ല എന്ന് പ്രഖ്യാപിച്ച ഒരേ ഒരു നാട് കേരളമായിരുന്നു എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.നാടിന്റെ പ്രശ്നങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. നാടിന്റെ പുരോഗതി എന്നത് ജനങ്ങളുടെ പുരോഗതിയാണ്. 2016 മുമ്പുള്ള കേരളവും ശേഷമുള്ള കേരളവും തീര്‍ത്തും വ്യത്യസ്തമാണ്. 2016 ന് മുമ്പ് ജനങ്ങള്‍ നിരാശരായിരുന്നു. മാറ്റങ്ങള്‍ ആഗ്രഹിച്ചവരായിരുന്നു. ആ നാടിനെ നാട് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സര്‍ക്കാറിനായി. പ്രകടന പത്രികയില്‍ പറഞ്ഞ 500 വാഗ്ദാനങ്ങളില്‍ വിരലിലെണ്ണാവുന്ന ഒഴിച്ച് ബാക്കിയെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കി പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ ജനങ്ങളെ അറിയിച്ചു. പ്രതീക്ഷയ്ക്കൊത്ത് സര്‍ക്കാര്‍ ഉയര്‍ന്നതിനാല്‍ ജനം തുടര്‍ ഭരണം  സര്‍ക്കാറിന് സമ്മാനിച്ചു.  അതിന്റെ തുടര്‍പ്രവര്‍ത്തനമാണ് 2021 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിന്റെ ഭാഗമായാണ് ഫയല്‍ അദാലത്തുകളും താലൂക്ക്, ജില്ലാ, മേഖലാ തല പരാതി പരിഹാര അദാലത്തുകളും.

ജനാധിപത്യത്തില്‍ ജനങ്ങളാണ് വിധി കര്‍ത്താക്കള്‍. തെരഞ്ഞെടുപ്പുകളിലൂടെ അവര്‍ തീരുമാനമെടുക്കും. അത് നമ്മള്‍ അംഗീകരിച്ചേ മതിയാവൂ. എന്തിനെയും എതിര്‍ക്കുക എന്നതായിരിക്കരുത് പ്രതിപക്ഷത്തിന്റെ ധര്‍മം. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ഞെരുക്കാന്‍ ശ്രമിക്കുമ്പോഴും പ്രതിപക്ഷം അത് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ തയ്യാറാകുന്നില്ല എന്നത് സങ്കടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെ.ടി ജലീല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാജൻ, വി.എൻ വാസവൻ, ആന്റണി രാജു എന്നിവര്‍ പ്രസംഗിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, പി.രാജീവ്, കെ.രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, വീണാ ജോർജ്, പ്രൊഫസർ ആർ ബിന്ദു, വി.ബാലഗോപാൽ, എം.ബി. രാജേഷ്, പി.പ്രസാദ്, അഹമ്മദ് ദേവർ കോവിൽ, ജെ ചിഞ്ചു റാണി, പി.എ മുഹമ്മദ് റിയാസ്, അഡ്വ.ജി.ആർ അനിൽ,  എ.കെ ശശീന്ദ്രൻ, വി.അബ്ദുറഹിമാൻ, കെ.എൻ ബാലഗോപാൽ, വി. ശിവൻ കുട്ടി ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ സന്നിഹിതരായിരുന്നു. തവനൂര്‍ മണ്ഡലം നവകേരള സദസ്സ് നോഡല്‍ ഓഫീസര്‍ സതീഷ് കുമാര്‍ സ്വാഗതവും കണ്‍വീനര്‍ കെ.ജി സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.