ആരോഗ്യം , വിദ്യാഭ്യാസം, തുടങ്ങി വിവിധ മേഖലകളിലെ സമഗ്ര വികസന ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ മാതൃകാ പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. എടപ്പാള്‍ സഫാരി പാര്‍ക്ക് മൈതാനത്ത് നടന്ന തവനൂര്‍ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ബൃഹത്തായ പദ്ധതികൾ നടപ്പാക്കി വരികയാണ്. എല്ലാവർക്കും ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം, എന്നിവ നൽകാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട് . 64,006 പേരാണ് കേരളത്തിൽ അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളും പ്രതിപക്ഷവും മുന്നോട്ടുവെക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തവനൂരിലെ നിറഞ്ഞ  സദസ്സെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.  ജനങ്ങളുടെ  ഈ വിശ്വാസവും പിന്തുണയുമാണ് സർക്കാരിനെ മുന്നോട്ട് നയിക്കുന്നത്. കരുതലും കൈത്താങ്ങും അദാലത്ത്, വന സദസ്സ്, തീരസദസ്സ് തുടങ്ങി വിവിധ മേഖലകളിലായി നടത്തിയ പരിപാടികളിൽ ജനങ്ങളുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാറിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വികസനകുതിപ്പിൽ ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളത്തെ മാറ്റിയെടുക്കാൻ സംസ്ഥാന സർക്കാറിനായെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നീതി ആയോഗിന്റെ സുസ്ഥിര വികസനം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം, സാമൂഹ്യ സുരക്ഷ പെൻഷൻ, വ്യവസായം, കുറഞ്ഞ ദാരിദ്ര സൂചിക എന്നിവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ആശയത്തിൽ നിന്നും കെ ഫോൺ യാഥാർഥ്യമാക്കി. നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മുൻ സർക്കാറുകൾ പറഞ്ഞ വിഴിഞ്ഞം തുറമുഖം, വിമാനത്താവം തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. ഇന്നവേഷൻ സെന്ററുകൾ വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റം സാധ്യമാക്കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.