സംസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മികച്ച മാതൃകകളുടെ ചുവടുപിടിച്ച് പുതിയ ലോകം ആവശ്യപ്പെടുന്ന കാലാനുസൃതമായ വികസന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. താനൂര്‍ ഉണ്ണ്യാല്‍ സ്റ്റേഡിയത്തില്‍ നടന്ന താനൂര്‍ മണ്ഡലതല നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം – 0.71 ശതമാനം. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഏകദേശം 64000 കുടുംബങ്ങളെ സമ്പൂര്‍ണ്ണമായി പുനരുദ്ധരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികള്‍ പുരോഗമിക്കുന്നു.

ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഭവന രഹിതര്‍ ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കും. വയോജനക്ഷേമം, ഭക്ഷ്യസുരക്ഷ, ടൂറിസം, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ദേശീയ – സംസ്ഥാനപാത വികസനം തുടങ്ങി ഒട്ടേറെ മേഖലകളില്‍ കേരളം ഒന്നാമതാണ്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും മറ്റു പരിശീലനങ്ങള്‍ നല്‍കുന്നതിനും വിദ്യാതീരം പദ്ധതി ആവിഷ്‌കരിച്ചു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കില്‍ ഗ്യാപ് നികത്തുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഏവരുടെയും സാമൂഹിക- സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കി സമഭാവനയുടെ നവകേരളം സൃഷ്ടിക്കുന്ന പ്രയാണത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.