മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാന്‍ നേരിട്ടെത്തുന്ന നവകേരള സദസ് ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് ആലത്തൂര്‍ പുതുക്കുളങ്ങര കാവ്പറമ്പ് മൈതാനത്ത് നടക്കും. സദസിന് മുന്നോടിയായി മണ്ഡലത്തില്‍ ഇന്ന് വൈകിട്ട് നാലിന് വിദ്യാഭ്യാസ രംഗത്തെ നിര്‍മ്മിത ബുദ്ധി സാധ്യതകള്‍ എന്ന വിഷയത്തില്‍ വിദ്യഭ്യാസ സെമിനാര്‍ നടക്കും. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയാകും. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. റിച്ചാര്‍ഡ് സ്‌കറിയ വിഷയാവതരണം നടത്തും. പുതിയങ്കം ജി.യു.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ വി.ജെ ജോണ്‍സണ്‍, ദിശ കണ്‍വീനര്‍ എ. ജ്യോതി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നവംബര്‍ 30 ന് വൈകിട്ട് നാലിന് സ്ത്രീ സുരക്ഷ നിയമങ്ങളും ക്ഷേമ സംവിധാനങ്ങളും വിഷയത്തില്‍ വനിതാ സെമിനാര്‍, ഡിസംബര്‍ ഒന്നിന് വൈകിട്ട് നാലിന് ജീവിതശൈലി രോഗനിയന്ത്രണം കേരളത്തിന്റെ സാധ്യതകള്‍, പകര്‍ച്ചാവ്യാധികളും കേരളവും വിഷയത്തില്‍ ആരോഗ്യ സെമിനാര്‍, ഡിസംബര്‍ രണ്ടിന് വൈകിട്ട് നാലിന് ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന വെല്ലുവിളികള്‍ വിഷയത്തില്‍ സാസ്‌കാരിക സെമിനാര്‍ എന്നിവയും എല്ലാ ദിവസവും വിവിധ കലാപരിപാടികളും നടക്കും.
നിയോജകമണ്ഡലം സമഗ്ര വികസന പദ്ധതികളായ ദിശ, നിറ, നന്മ, പഞ്ചായത്തുകളുടെ മികവുകള്‍, കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും വിതരണവും, കലാപരിപാടികള്‍, സൗജന്യ ജീവിതശൈലി രോഗ നിര്‍ണയ പരിശോധന, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം, ഫുഡ്കോര്‍ട്ട് എന്നിവയും സജീകരിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജില്ലയില്‍ നവകേരള സദസ് നടക്കുക.