കഴിഞ്ഞ ഏഴര വർഷ കാലയളവിൽ മലപ്പുറത്ത് വീശുന്നത് വികസനത്തിന്റെ കാറ്റെന്ന് മന്ത്രി സജി ചെറിയാൻ. പൗരത്വ ഭേദഗതി ബില്ലിനെ കേരളം അംഗീകരിക്കില്ലെന്നും ഫലസ്തീനൊപ്പമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മതനിരപേക്ഷതയുടെ ഏറ്റവും നല്ല കേന്ദ്രം കൂടിയാണ് മലപ്പുറം. നിയമസഭയിൽ ഏറെയും ഏറനാടിനെ പ്രതിനിധീകരിച്ചത് യു.ഡി.എഫ് ആണെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് പിണറായി സർക്കാർ മണ്ഡലത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അരീക്കോട് ആലുക്കൽ – കുനിയിൽ പാലം നടപ്പാക്കി, കുഴിമണ്ണ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി, അരീക്കോട് കൊണ്ടോട്ടി റോഡ് നവീകരിച്ചു. 20000 വീടുകൾക്ക് കുടിവെള്ള കണക്ഷൻ പുതുതായി നൽകി. കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനമാണ് ഏറനാട് മണ്ഡലത്തിൽ നടപ്പാക്കി. കേന്ദ്ര സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനിടയിലും അതിനെ അതിജീവിച്ച് വികസനം നടപ്പാക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.