ഹരിത കര്‍മ്മസേനയോടൊപ്പം ഫീല്‍ഡിലിറങ്ങി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. തരിയോട് ഗ്രാമ പഞ്ചായത്തിലെ ചെന്നലോട് വാര്‍ഡിന്റെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവസരമൊരുക്കിയത്. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബി അജിത്ത് അധ്യക്ഷത വഹിച്ചു.

ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍, ജൈവ അജൈവ മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, അവയുടെ കൈമാറ്റം, ഹരിത മിത്രം ആപ്പ്, തൊഴില്‍ സംരംഭങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഹരിത കര്‍മ്മ സേന അംഗങ്ങളായ സാഹിറ അഷ്‌റഫ്, അന്നമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ കുട്ടികള്‍ക്കായി പരിചയപ്പെടുത്തി. നാടിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ട് പ്രവര്‍ത്തിക്കുന്ന ശുചിത്വ മാലാഖമാരായ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കൊപ്പം ഒരു ദിനം ചിലവഴിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. ഹരിത കര്‍മ്മ സേന സഹായ ഏജന്‍സി നിറവിന്റെ പ്രതിനിധി രാജേഷ്, എന്‍എസ്എസ് പ്രതിനിധികളായ ആന്‍സ്റ്റിന്‍ ഉലഹന്നാന്‍, ഹസ്‌ന അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.