ജില്ലാതല കേരളോത്സവത്തിൻ്റെ ഭാഗമായ കലാ മത്സരങ്ങൾക്ക് പുറമേരിയിൽ തുടക്കമായി. പ്രശസ്ത സിനിമാതാരവും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷത വഹിച്ചു.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. പുറമേരി പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര കലോത്സവ വേദിയിൽ സമാപിച്ചു. പുറമേരി കെആർഎച്ച്എസ് സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി 60 ഇനങ്ങളിലാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്. ആദ്യ ദിനം ഓഫ് സ്റ്റേജ് മത്സരങ്ങളും നാടകവുമാണ് നടന്നത്. 12 ബ്ലോക്കുകളിൽ നിന്നും ഏഴു മുനിസിപ്പാലിറ്റികളിൽ നിന്നും കോഴിക്കോട് കോർപ്പറേഷനിൽ നിന്നുമായി 2000ത്തോളം കലാകാരന്മാരാണ് വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ സ്റ്റേജ് ഇന മത്സരങ്ങൾ വിവിധ വേദികളിലായി നടക്കും .

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വി റീന, പി പി നിഷ , പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം എം.പി.ശിവാനന്ദൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർമാരായ ദീപു പ്രേംനാഥ്, പിസി ഷൈജു, ജില്ലാ യൂത്ത് ഓഫീസർ വിനോദൻ പൃത്തിയിൽ, ജില്ലാ യൂത്ത് കോഡിനേറ്റർ ടി കെ സുമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കൂടത്താംകണ്ടി സുരേഷ് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് അബ്ദുൽ മുനീർ കെ നന്ദിയും പറഞ്ഞു.